India - 2025

ഫരീദാബാദ് രൂപതയിൽ ജൂലൈ 12നു ദേവാലയങ്ങള്‍ തുറക്കും

പ്രവാചക ശബ്ദം 06-07-2020 - Monday

ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പൊതു ജനപങ്കാളിത്തത്തോടെയുള്ള ശുശ്രൂഷകള്‍ ഈ മാസം പന്ത്രണ്ടാം തീയതി ആരംഭിക്കും. ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകള്‍ ഒരുപോലെ എല്ലായിടത്തും വിശ്വാസികൾക്ക് പങ്കെടുക്കുവാൻ സാധിക്കില്ലാത്തതിനാൽ അതാത് ഇടവകകളിലെ സാഹചര്യങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിബന്ധനകൾ കൃത്യമായി പാലിച്ചുകൊണ്ടുവേണം ശുശ്രൂഷകള്‍ നടത്തുവാനെന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു.

എല്ലാ ഇടവകകളിലും അജപാലന ശുശ്രൂഷകൾക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതെന്നും കണ്ടൈൻമെന്റ് സോണുകളുള്ള സ്ഥലങ്ങളിൽ പൂർണമായും നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ദേവാലയങ്ങളിൽ ഒരു അജപാലന പരിപാടിയെങ്കിലും നടത്തണം. ജൂലൈ പന്ത്രണ്ടുമുതൽ എല്ലാ ഞായറാഴ്ചകളിലും ഇടവക വിശ്വാസികളുടെ എണ്ണം പരിമിതിപെടുത്തികൊണ്ട് വിശുദ്ധ കുർബാന അർപ്പിക്കണം. ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ചുള്ള ചില പ്രായോഗിക മാർഗ്ഗ നിർദ്ദേശങ്ങളും അദ്ദേഹം നൽകി.

നിര്‍ദ്ദേശങ്ങള്‍ ‍

* ഇടദിവസങ്ങളിൽ വിശുദ്ധ കുർബാന കുടുംബ യൂണിറ്റ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഒരേ സമയത്ത് അർപ്പിക്കുക.

* ദേവാലയം വ്യക്തിപരമായ പ്രാർത്ഥനക്കായി നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ തുറന്നിടുക.

* ആവശ്യമുള്ളവർക്കു കുമ്പസാരം, മാമ്മോദീസ മുതലായ മറ്റു കൂദാശകൾ സ്വീകരിക്കുവാനുള്ള സൗകര്യം ചെയ്യുക.

* നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ ദിവ്യകാരുണ്യ ആരാധനക്കുള്ള സൗകര്യം ചെയ്യുക.

* ദേവാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുക.

* മാസത്തിൽ ഒരിക്കലെങ്കിലും പാരിഷ് കൗൺസിലിന്റെയും കുടുംബ യുണിറ്റുകളുടെയും ഭക്തസംഘടനകളുടെയും മീറ്റിംഗ് നിർബന്ധമായും ഓൺലൈനായി സംഘടിപ്പിക്കുക.

* പ്രായമായവരെയും രോഗികളെയും രണ്ടാഴ്ച്ചയിൽ ഒരിക്കലെങ്കിലും ഫോണിലൂടെ ബന്ധപ്പെടുകയും അത്യാവശ്യമെങ്കിൽ വേണ്ടത്ര ശ്രദ്ധയോടെ അവരെ സന്ദർശിക്കുകയും ചെയ്യുക.

* ആത്മചിന്തയുടെ വീഡിയോകൾ വിശ്വാസികൾക്ക് അയച്ചുകൊടുക്കുക.

* മതബോധനം, കൗൺസലിംഗ് എന്നിവ ഓൺലൈനായി കുട്ടികൾക്കും യുവജനങ്ങൾക്കും നൽകുക.

* വിവിധ തരം ഓൺലൈൻ പരിപാടികൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ആസൂത്രണം ചെയ്യുക.

* സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക.

* കോവിഡ് 19 ൽ നിന്നും വിമുക്തി നേടിയവരുടെ ഡേറ്റ തയ്യാറാക്കുക.

* സമൂഹവ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഇടവക ജനങ്ങൾക്ക് നൽകുക.

* ഇടവകകളിൽ കോവിഡ് 19 ഹെൽപ് ലൈൻ രൂപീകരിക്കുക.


Related Articles »