News

ചൈനീസ് ക്രൈസ്തവ ദേവാലയങ്ങളില്‍ ദേശീയത പ്രകടിപ്പിക്കണം, അല്ലെങ്കില്‍ പൂട്ടും: പുതിയ ഉത്തരവ്

പ്രവാചക ശബ്ദം 08-07-2020 - Wednesday

ഹെനാന്‍: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ചൈനീസ് പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കുകയും കൊറോണക്കെതിരായ ചൈനീസ് പോരാട്ടത്തിന്റെ വീര കഥകള്‍ വിവരിക്കുകയും വേണമെന്ന്‍ ഉത്തരവിട്ടുകൊണ്ട് ക്രൈസ്തവ സഭകളുടെ മേല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പൂട്ടിയ ദേവാലയങ്ങളില്‍ ചിലത് തുറക്കുവാന്‍ അനുവാദം കൊടുത്തതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ ഉത്തരവ്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ദേവാലയം അടച്ചു പൂട്ടുമെന്നാണ് യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റേയും, റിലീജിയസ് അഫയേഴ്സ് വിഭാഗത്തിന്റേയും ഭീഷണി.

സര്‍ക്കാര്‍ അംഗീകൃത സഭയില്‍പ്പെട്ട ദേവാലയങ്ങള്‍ക്കാണ് ഇപ്പോള്‍ തുറക്കാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്. ദേവാലയങ്ങളിലെ തിരുകര്‍മ്മങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പുതിയ ഉത്തരവ് വിശ്വാസത്തിന് പൂര്‍ണ്ണമായും എതിരാണെന്ന് കായ്ഫെങ് ജില്ലയിലെ ഷുന്‍ഹെയിലെ ഗുവാങ്ഷി ക്രൈസ്തവ ദേവാലയത്തില്‍പ്പെട്ട ഒരു വിശ്വാസി ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്ററിനോട് പറഞ്ഞു. 5 മാസങ്ങള്‍ക്ക് ശേഷമാണ് ദേവാലയങ്ങള്‍ വീണ്ടും തുറന്നിരിക്കുന്നത്. എന്നാല്‍ ദൈവസ്തുതിഗീതങ്ങള്‍ക്ക് പകരം ദേശീയ ഗാനമോ, കൊറോണക്കെതിരായ ഷി ജിന്‍പിംഗിന്റെ കൊറോണ പോരാട്ട കഥകളോ ആണ് ഞങ്ങള്‍ക്ക് ആലപിക്കേണ്ടി വരുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്വാന്‍ഴോ നഗരത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയമായ ക്വാന്നാന്‍ ദേവാലയത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ഇരുപതിലധികം വിശ്വാസികള്‍ പങ്കെടുത്തതായി ബിറ്റര്‍ വിന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതാക കെട്ടിയതിന് പുറകില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ദേവാലയം വീണ്ടും തുറക്കുന്നതിനു വേണ്ടി കൊറോണ വൈറസ് നിയന്ത്രണങ്ങളെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് നടത്തിയ പ്രസംഗങ്ങളെക്കുറിച്ചുള്ള പഠന ശിബിരത്തില്‍ പങ്കെടുക്കേണ്ടതായി വന്നുവെന്നു ഹെനാന്‍ പ്രവിശ്യയിലെ സുമാഡിയാന്‍ നഗരത്തിലെ ഒരു പാസ്റ്റര്‍ വെളിപ്പെടുത്തി. മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും രാജ്യത്തു ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »