News - 2025
ജെറുസലേമിലെ ക്രൈസ്തവ സാന്നിധ്യത്തിന് ഇസ്രായേലിന്റെ ഭീഷണി: സംയുക്ത പ്രസ്താവനയുമായി ക്രിസ്ത്യന്‍ സഭാനേതൃത്വം
പ്രവാചക ശബ്ദം 10-07-2020 - Friday
ജെറുസലേം അധിനിവേശ മേഖലയിലെ ജാഫാ ഗേറ്റിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ സ്വത്ത് സംബന്ധിച്ച ഇസ്രായേല്‍ ജില്ലാ കോടതി വിധി വിശുദ്ധ നഗരിയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിന് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി ക്രിസ്ത്യന്‍ സഭാ നേതാക്കള്‍. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വിശുദ്ധ സ്ഥലങ്ങളുടേയും, ദേവാലയങ്ങളുടേയും നിലവിലെ സ്ഥിതിയും ചരിത്രപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും നീതിക്ക് വേണ്ടിയുള്ള ഗ്രീക്ക് സഭയുടെ ശ്രമങ്ങളെ പിന്തുണക്കുമെന്നും ജെറുസലേമിലെ വിവിധ ക്രിസ്ത്യന്‍ സഭാനേതാക്കള്‍ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
നിലവിലെ വിധി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് ഭീഷണിയാണെന്നും, കേസില്‍ സഭ നിരത്തിയ തെളിവുകള്‍ നിഷേധിച്ച ഇസ്രായേല്‍ കോടതിവിധിയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ചില യഹൂദ മൗലീകവാദി സംഘടനകള്‍ അവകാശവാദമുന്നയിച്ചിരിക്കുന്ന ജാഫാ ഗേറ്റ് സ്വത്തിന്റെ മേലുള്ള തങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ സമര്‍പ്പിച്ച അപേക്ഷയും, തെളിവുകളും ജെറുസലേമിലെ കോടതി നിഷേധിച്ച സാഹചര്യത്തിലാണ് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയെ പിന്തുണച്ചുകൊണ്ട് വിവിധ സഭാ നേതാക്കള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനെ വെറുമൊരു സ്വത്തുതര്‍ക്കമായി കാണാനാകില്ലെന്ന് സഭാനേതാക്കള്‍ പ്രസ്താവനയില്‍ കുറിച്ചു. ജാഫാ ഗേറ്റ് സ്വത്തില്‍മേലുള്ള മൗലീകവാദ സംഘടനകളുടെ അവകാശവാദം, വിശുദ്ധ നഗരത്തിന്റെ സമഗ്രതക്കും ക്രിസ്ത്യന്‍ തീര്‍ത്ഥാടന പാതക്കും എതിരാണെന്നും, ജെറുസലേമിലെ ക്രൈസ്തവ സാന്നിധ്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ജെറുസലേമിലെ പുരാതന നഗരത്തിന്റെ ക്രിസ്ത്യന്‍ പൈതൃകവും വിശുദ്ധ സ്ഥലങ്ങളും ലോകമെമ്പാടുമുള്ള ഇരുനൂറു കോടി ക്രൈസ്തവരുടെ ഹൃദയമാണെന്നും പ്രസ്താവനയിലുണ്ട്.
പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്ക് നൗര്‍ഹാന്‍ മാനൗജിയന്‍, അര്‍മേനിയന്‍ അപ്പസ്തോലിക ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് പിയര്‍ ബാറ്റിസ്റ്റ മെത്രാപ്പോലീത്ത, ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് പിയര്‍ ബാറ്റിസ്റ്റ തുടങ്ങിയ പ്രമുഖര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.