India - 2024

'ക്രൈസ്തവ സമൂഹത്തോടുള്ള ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കണം'

പ്രവാചക ശബ്ദം 25-07-2020 - Saturday

കൊച്ചി: കേരളത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ 80:20 എന്ന വിതരണാനുപാതം നീതിരഹിതമാണെന്നും ഇതു തിരുത്തപ്പെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന് 20 ശതമാനവും മുസ്ലിം സമുദായത്തിന് 80 എന്ന നിരക്കിലുമാണ് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ പല തലത്തില്‍ സര്‍ക്കാരില്‍ ഈ അനുപാതം ഭേദഗതി ചെയ്യണമെന്ന ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ക്രിസ്തീയ സമൂഹത്തോടു കടുത്ത വിവേചനമാണു കാട്ടുന്നത്. ക്രിസ്തീയ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യമോ വിഹിതമോ ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി ലഭിക്കുന്നില്ല. ഇതു തികച്ചും അപമാനകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഇക്കാര്യത്തില്‍ നീതിപൂര്‍വകമായ തീരുമാനം അടിയന്തരമായി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇതര െ്രെകസ്തവ വിഭാഗങ്ങളെ ഏകോപിപ്പിച്ചു ജനാധിപത്യപരമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കും.

കാര്‍ഷികമേഖലയുടെ തകര്‍ച്ചമൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവണം. കോവിഡ് 19 പെരുകുന്ന സാഹചര്യത്തില്‍ മൃതസംസ്കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കു സഹായിക്കാന്‍ കേരളത്തിലെ എല്ലാ രൂപതകളിലും സന്നദ്ധ സേനകള്‍ രൂപീകരിക്കും. രൂപതാ നേതൃത്വത്തോടും സോഷ്യല്‍ സര്‍വീസ് വിഭാഗത്തോടും ചേര്‍ന്നാകും സന്നദ്ധ സേനകളുടെ പ്രവര്‍ത്തനം. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. 26 രാജ്യങ്ങളിലെ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »