Life In Christ

ബ്ലാക്ക് ലൈവ്സ് മാറ്ററിനല്ല, ദൈവത്തിനു മുന്‍പിൽ മാത്രമേ മുട്ടുമടക്കൂ: വിശ്വാസം ഏറ്റുപറഞ്ഞ് ബേസ്ബോൾ താരം

പ്രവാചക ശബ്ദം 29-07-2020 - Wednesday

സാൻ ഫ്രാന്‍സിസ്കോ: ബ്ലാക്ക് ലൈവ്സ് മാറ്ററിനു വേണ്ടി മുട്ടുകുത്തില്ലെന്നും, ദൈവത്തിനു മുമ്പിൽ മാത്രമേ താന്‍ മുട്ടുമടക്കുകകയുള്ളൂവെന്നു പ്രശസ്ത ബേസ് ബോൾ താരം സാം കൂൺറോഡിന്റെ ഏറ്റുപറച്ചില്‍. സാൻ ഫ്രാന്‍സിസ്കോ ജയന്‍റ്സിന്റെ താരമായ കൂൺറോഡ്, മേജർ ലീഗ് ബേസ്ബോൾ ചാംപ്യൻഷിപ്പിൽ തന്റെ നിലപാട് പ്രകടമാക്കിയിരിന്നു. കഴിഞ്ഞ വ്യാഴാഴ്ച മത്സരം തുടങ്ങുന്നതിനു മുമ്പ് സാൻ ഫ്രാന്‍സിസ്കോ ജയന്‍റ്സിന്റെയും, എതിർ ടീമായ ലോസ് ആഞ്ചലസ് ഡോഡ്ജേർസിന്റെയും കളിക്കാർ ബ്ലാക്ക് ലൈവ്സ് മാറ്ററിനോടുള്ള ആദരസൂചകമായി മുട്ടുകുത്തി നിന്നിരുന്നു. മേജർ ലീഗ് ബേസ്ബോൾ സംഘടന നൽകിയ കറുത്ത റിബണും കളിക്കാർ കയ്യിൽ പിടിച്ചു. എന്നാൽ സാം കൂൺറോഡ് മുട്ടുകുത്താൻ തയ്യാറായില്ല.

ഒരു ക്രിസ്ത്യാനിയായ താൻ ദൈവത്തിനു മുന്‍പില്‍ അല്ലാതെ മറ്റൊന്നിന്റെയും മുന്‍പില്‍ മുട്ടുകുത്തില്ലെന്ന് മത്സരത്തിനുശേഷമാണ് സാം കൂൺറോഡ് വെളിപ്പെടുത്തിയതെന്ന് ടിഎംഇസഡ് സ്പോർട്സ് മാസിക റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന് കമ്മ്യൂണിസത്തോടുളള ആഭിമുഖ്യം, അപ്പനും അമ്മയും കുട്ടികളും ഉൾപ്പെടുന്ന കുടുംബസങ്കല്പത്തോടുളള എതിർപ്പ് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, അവരുമായി യോജിപ്പിലെത്താൻ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മുട്ടുകുത്തി നിന്ന താരങ്ങളോട് തനിക്ക് വൈരാഗ്യമില്ലെന്നും, തനിക്കും അതേ ബഹുമാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലെന്നും സാം കൂൺറോഡ് അഭിപ്രായപ്പെട്ടു.

സാമിന്റെ നിലപാട് അദ്ദേഹം വ്യക്തിപരമായി എടുത്തതാണെന്നും, അതിനെ അംഗീകരിക്കുന്നുവെന്നുമായിരിന്നു ടീമിന്റെ മാനേജറായ ഗേബ് കാപ്ലറുടെ പ്രതികരണം. എന്നാല്‍ താരത്തിന്റെ പ്രവർത്തിയെ വിമർശിച്ച് ചിലര്‍ രംഗത്തുണ്ട്. മറ്റുള്ളവരെ സ്നേഹിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന പ്രബോധനങ്ങളിൽ ഒന്നായിട്ടും നീതിക്കുവേണ്ടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമാകാൻ എന്തുകൊണ്ടാണ് സാം വിസമ്മതിക്കുന്നതെന്ന് സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് എഴുത്തുകാരനായ ഡാൻ ഗാർട്ട്ലാൻഡ് ചോദിച്ചു.

സാം കൂൺറോഡ് ഒരു ഇസ്ലാം മത വിശ്വാസി ആയിരുന്നെങ്കിൽ, അദ്ദേഹം പന്നിയിറച്ചി ഉൾപ്പെട്ട ഒരു ഭക്ഷണപദാർത്ഥം നിഷേധിക്കുകയായിരുന്നുവെങ്കിൽ ഡാൻ ഗാർട്ട്ലാൻഡ് ഇങ്ങനെ അദ്ദേഹത്തെ വിമർശിക്കുമായിരുന്നോ എന്ന ചോദ്യമുയര്‍ത്തി അമേരിക്കൻ കൺസർവേറ്റീവ് മാധ്യമത്തിന്റെ സീനിയർ എഡിറ്ററായ റോഡ് ഡ്രഹർ തിരിച്ചടിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനം ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനമായതിനാൽ അവരുമായി യോജിപ്പ് പാടില്ലെന്ന്, ദി ലൈൻ ഓഫ് ഫയർ ടോക്ക് ഷോയുടെ അവതാരകനായ മൈക്കിൾ ബ്രൗൺ, 'ദി ക്രിസ്ത്യൻ പോസ്റ്റ് 'എന്ന മാധ്യമത്തിൽ അടുത്തിടെ എഴുതിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »