India - 2025
'അല്‍ഫോന്‍സാമ്മ സഹനങ്ങളെ ധീരതയോടെ സ്വീകരിച്ച വിശുദ്ധ'
02-08-2020 - Sunday
കുടമാളൂര്‍: അല്‍ഫോന്‍സാമ്മ സഹനങ്ങളെ ധീരതയോടെ സ്വീകരിച്ച വിശുദ്ധയാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. 32ാമത് അല്‍ഫോന്‍സാ തീര്‍ഥാടനത്തോടനുബന്ധിച്ച് ഇന്നലെ കുടമാളൂര്‍ വിശുദ്ധ അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍മാരായ ഫാ. ജോബിന്‍ പെരുന്പളത്തുശേരി, ഫാ. അനീഷ് കുടിലില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം കാല്‍നടയായുള്ള തീര്‍ഥാടനം ഒഴിവാക്കി ആത്മീയ തീര്‍ത്ഥാടനമായാണ് ക്രമീകരിച്ചത്. ഇരുപതിനായിരത്തിലേറെ കുട്ടികളാണ് വര്‍ഷംതോറും കുടമാളൂര്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തിരുന്നത്.
മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയിലെ കബറിടത്തിങ്കല്‍ ഒപ്പീസ് ചൊല്ലി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുടമാളൂര്‍ മുത്തിയമ്മ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്ഥാനടന കേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നല്കി. കുടമാളൂര്‍ ഫൊറോനാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മൂന്നുപറയില്‍ മധ്യസ്ഥപ്രാര്‍ഥന നടത്തി. കുട്ടികളും മതാധ്യാപകരും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തിരുക്കര്‍മങ്ങളില്‍ പങ്കാളികളായി. അതിരൂപത, ഫൊറോന ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി