India - 2025

മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയിലും അനുമതി

02-08-2020 - Sunday

പാലാ: കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയിലും അനുമതി. സഭയുടെ വിശ്വാസവും പാരമ്പര്യവും പ്രബോധനവുമനുസരിച്ച് സാധാരണരീതിയില്‍ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കുകയാണ് ചെയ്യുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളുടെ സമ്മതത്തോടെയും സിവില്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ക്കു വിധേയമായും മൃതദേഹം ദഹിപ്പിക്കാവുന്നതാണെന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സര്‍ക്കുലറില്‍ അറിയിച്ചു.

കോവിഡ് ബാധിതരായി മരിക്കുന്നവരുടെ ശരീരങ്ങളോടു ആദരവു പുലര്‍ത്താനും സംസ്‌കാര ശുശ്രൂഷകള്‍ ഭക്തിപൂര്‍വം നടത്താനും അവരുടെ ബന്ധുമിത്രാദികളോടു സഹാനുഭൂതിയോടെ ഇടപെടാനും എല്ലാവരും ശ്രദ്ധിക്കണമെന്നു മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. രോഗബാധിതരോടും അവരോടു ബന്ധപ്പെടുന്നവരോടും മാത്രമല്ല ക്വാറന്റൈനില്‍ ആയിരിക്കുന്നവരോടും ചിലപ്പോഴെങ്കിലും സമൂഹം പുലര്‍ത്തുന്ന മനോഭാവം ആശങ്കാജനകമാണ്. രോഗം ബാധിച്ചു മരിക്കുന്നവരുടെ ശരീരത്തോടുളള ഭയപ്പാട് ചില തെറ്റായ ധാരണകളില്‍ നിന്നാണു രൂപപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ മനുഷ്യത്വപരമായ സമീപനം ആവശ്യമാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം ലോകാരോഗ്യസംഘടനയും കേന്ദ്രസംസ്ഥാന ഗവണ്മെ‍ന്റുകളും നല്കിയിട്ടുളള നിബന്ധനകള്‍ക്കനുസരിച്ചാണ് നടത്തേണ്ടത്. ആവശ്യത്തിനുളള പി. പി. ഇ. കിറ്റുകള്‍, ഗ്ലൗസുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ മൃതസംസ്‌കാരത്തിന് മുന്‌പേ ഉത്തരവാദിത്വപ്പെട്ടവര്‍ ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം നേരിട്ടു സെമിത്തേരിയിലെത്തിച്ചാണ് കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. തദവസരത്തില്‍ ഭവനത്തിലെയും ദൈവാലയത്തിലെയും സെമിത്തേരിയിലെയും ശുശ്രൂഷകളിലെ പ്രസക്തമായ പ്രാര്‍ത്ഥനകള്‍ സെമിത്തേരിയില്‍വച്ചു നടത്തേണ്ടതാണ്. മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ടത് പൊതു കേന്ദ്രങ്ങളിലാണ്. അത് അസാധ്യമാകുന്ന അവസരത്തില്‍ മാത്രമേ സെമിത്തേരിയിലും വീട്ടുപരിസരത്തും ദഹിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാവൂ. മൃതദേഹം ദഹിപ്പിച്ച ശേഷമുള്ള ഭസ്മം മുഴുവനും അന്ത്യകര്‍മങ്ങള്‍ നടത്തി സെമിത്തേരിയില്‍ സംസ്‌കരിക്കേണ്ടതാണെന്നു ബിഷപ് അറിയിച്ചു.


Related Articles »