Life In Christ - 2025

ബൈബിള്‍ വായിച്ച് ആത്മഹത്യ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു: അഭിനന്ദനം ഏറ്റുവാങ്ങി പരാഗ്വേ പോലീസുകാരന്‍

പ്രവാചക ശബ്ദം 17-08-2020 - Monday

കാവല്‍ക്കാന്റി: പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കുവാനുള്ള സ്ത്രീയുടെ ശ്രമത്തെ ബൈബിള്‍ വായിച്ചുകൊണ്ട് തടഞ്ഞ പരാഗ്വേയിലെ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുള്ള കാവല്‍ക്കാന്റി പാലത്തില്‍ നിന്നും താഴേക്ക് ചാടുവാനുള്ള ശ്രമത്തില്‍ നിന്നും സ്ത്രീയെ പിന്തിരിപ്പിച്ച ‘സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്’ (ജി.എ.ഒ) അംഗമായ ജുവാന്‍ ഒസോരിയോയാണ് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. ജൂലൈ മാസം നടന്ന സംഭവം ഇപ്പോഴാണ് മാധ്യമ ശ്രദ്ധ നേടുന്നത്.

‘സിയുഡാഡ് ഡെല്‍ എസ്റ്റെ’യേയും ‘ഹെര്‍ണാണ്ടാരിയാസ്’നേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാവല്‍ക്കാന്റി പാലത്തില്‍വെച്ച് ഏതാണ്ട് 30 മിനിറ്റോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് താഴേക്ക് ചാടുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സ്ത്രീയുടെ മാനസിക നിലയെ സ്പര്‍ശിക്കുവാന്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ സഹായത്തോടെ ജുവാന് കഴിഞ്ഞത്.

തന്റെ മകളുടെ മരണമാണ് സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നു പരാഗ്വേയിലെ വാര്‍ത്താ പത്രമായ ‘എക്സ്ട്രാ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. “സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും, ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും, മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങി വരുന്നതും നിങ്ങള്‍ കാണും” (യോഹന്നാന്‍ 1:51) എന്ന വിശുദ്ധ വചനഭാഗമാണ് ഒസോരിയോ വായിച്ചത്. വായന കഴിഞ്ഞപ്പോഴേക്കും ഇരുവരും കരഞ്ഞുപോയെന്നു ഒസോരിയോ പറഞ്ഞതായും 'എക്സ്ട്രാ' റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവസ്ഥലത്തെത്തിയ സന്നദ്ധ സേവകനും സ്ത്രീയും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ സ്ത്രീയുടെ ശ്രദ്ധ വ്യതിചലിച്ച സമയം നോക്കി ഒസോരിയോ അവരെ പാലത്തില്‍ നിന്നും താഴെ ഇറക്കുകയായിരിന്നു. തന്റെ ബൈബിള്‍ വായന ശ്രവിച്ചതിനു ശേഷം ‘ദൈവം തന്നോടോപ്പമുണ്ട്’ എന്ന തോന്നല്‍ ആ സ്ത്രീയില്‍ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായ ഒരു റെയിഡിനിടെ വെടിയേറ്റതിന് ശേഷം താന്‍ ബൈബിള്‍ കൈയില്‍ കരുതുന്നത് ആരംഭിച്ചതെന്ന് ഒസോരിയോ പിന്നീട് വെളിപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45