News - 2024

കൊറോണ വരിഞ്ഞുമുറുക്കിയ ബ്രസീലിന് വെന്റിലേറ്ററുകളും സ്കാനറുകളും സംഭാവന ചെയ്ത് പാപ്പ

പ്രവാചക ശബ്ദം 18-08-2020 - Tuesday

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ രണ്ടാമത്തെ രാജ്യമായ ബ്രസീലിലെ ആശുപത്രികൾക്ക് വെന്റിലേറ്ററുകളും അൾട്രാസൗണ്ട് സ്കാനറുകളും സംഭാവന ചെയ്ത് ഫ്രാന്‍സിസ് പാപ്പ. മാർപാപ്പയുടെ പേരിൽ 18 തീവ്രപരിചരണ വെന്റിലേറ്ററുകളും ആറ് ഫ്യൂജി പോർട്ടബിൾ അൾട്രാസൗണ്ട് സ്കാനറുകളും ബ്രസീലിലേക്ക് അയക്കുമെന്ന് പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കി ഇന്നലെ (ഓഗസ്റ്റ് 17) പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ഹോപ്പ് എന്ന ഇറ്റാലിയൻ സംഘടനയുടെ സഹായത്തോടെയാണ് ബ്രസീലിലെ കോവിഡ് പോരാട്ടത്തിന് മുന്നിലുള്ള ആശുപത്രികള്‍ക്ക് ഹൈടെക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറുന്നത്.

ഉപകരണങ്ങൾ ബ്രസീലിൽ എത്തുമ്പോൾ പ്രാദേശിക അപ്പസ്തോലിക കാര്യാലയം വഴിയാകും തിരഞ്ഞെടുത്ത ആശുപത്രികളിൽ എത്തിക്കുകയെന്നും സഭയുടെ സഹായം അനേകര്‍ക്ക് സാന്ത്വനമാകുമെന്ന് കരുത്തുന്നതായും കര്‍ദ്ദിനാള്‍ കോണ്‍റാഡ് കൂട്ടിച്ചേര്‍ത്തു. കൊളംബിയ, ഹൊണ്ടൂറാസ്, മെക്സിക്കോ, കാമറൂൺ, സിംബാവേ, ബംഗ്ലാദേശ്, യുക്രൈൻ, ഇക്വഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബൊളീവിയ, ഹെയ്തി, വെനിസ്വേല തുടങ്ങീ നിരവധി രാജ്യങ്ങള്‍ക്കു കോവിഡ് കാലയളവില്‍ പാപ്പ സഹായം നല്‍കിയിട്ടുണ്ട്. അതേസമയം ഇന്നലെ ഓഗസ്റ്റ് 17 വരെയുള്ള കണക്കുകള്‍ പ്രകാരം ബ്രസീലിൽ 33 ലക്ഷം പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 107,852 മരണങ്ങളും രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »