India - 2024

കേരള ന്യൂനപക്ഷ കമ്മീഷന്റെ ക്രൈസ്തവ വിവേചനം അവസാനിപ്പിക്കണം: കേരള കാത്തലിക് ഫെഡറേഷന്‍

20-08-2020 - Thursday

പത്തനംതിട്ട: ന്യൂനപക്ഷവകുപ്പിന്റെയും കമ്മീഷന്റെയും നിരവധി ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും കേരളത്തില്‍ വിതരണം ചെയ്യുന്നതില്‍ കേരള ന്യൂനപക്ഷ കമ്മീഷന്‍ ക്രൈസ്തവരോടു കാട്ടുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നു കെസിബിസി അല്മായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന നേതൃയോഗം കേരളസര്‍ക്കാരിനോടും ന്യൂനപക്ഷ കമ്മീഷനോടും ആവശ്യപ്പെട്ടു.

നിയമപരമായി നിലവില്‍ ഇല്ലാത്തതും സര്‍ക്കാരിന്റെ വ്യക്തമായ ഉത്തരവുകളുടെ പിന്‍ബലമില്ലാത്തതുമായ 80:20 എന്ന അനുപാതത്തിലാണു കേരള ന്യൂനപക്ഷ കമ്മീഷന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യയ്ക്ക് അനുപാതമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നു യോഗം ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്കും കേരളത്തിലെ മറ്റു നാല് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും കൂടി വെറും 20 ശതമാനം ആനുകൂല്യങ്ങള്‍ മാത്രമാണ് കമ്മീഷന്‍ നീക്കിവച്ചിട്ടുള്ളത്. ബാക്കി 80 ശതമാനം ഒരു ന്യൂനപക്ഷ സമുദായം മാത്രമായി അനുഭവിക്കുന്നത് വിവേചനപരമാണെന്നു യോഗം ആരോപിച്ചു.

കെസിഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കെസിബിസി അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി കരിസ്മാറ്റിക് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, ട്രഷറാര്‍ ജസ്റ്റിന്‍ കരിപ്പാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, എംസിഎ സഭാതല പ്രസിഡന്റ് വി.പി. മത്തായി, എംസിഎ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഏബ്രഹാം പാട്ടിയാനി, അമല്‍ സിറിയക് ജോസ്, ഡോ. മേരി റെജീന, ഡേവീസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »