Life In Christ - 2025

രാജ്യത്തിന് യേശുവിനെ ആവശ്യമുണ്ട്: ‘ജീസസ് 2020’ നെഞ്ചിലേറ്റി അമേരിക്ക

പ്രവാചക ശബ്ദം 21-08-2020 - Friday

അലബാമ: പകര്‍ച്ചവ്യാധിയ്ക്കും ബി‌എല്‍‌എം പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ഞെരുങ്ങുന്ന രാജ്യത്തിന് പ്രതീക്ഷ നല്‍കുകയെന്ന ലക്ഷ്യത്തോടെ ‘ജീസസ് 2020’ പ്രചാരണം അമേരിക്കയില്‍ ശക്തമാകുന്നു. അലബാമയിലെ മോണ്ടഗോമെറി കൗണ്ടിയിലെ റാമെറിലുള്ള ‘സാംപെ മെമ്മോറിയല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്’ അംഗങ്ങളായ രണ്ട് സുഹൃത്തുക്കള്‍ ആരംഭിച്ച 'ജീസസ് 2020' പ്രചാരണം പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. പ്രചാരണ പരിപാടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരങ്ങളാണ് ‘ജീസസ് 2020’ ബോര്‍ഡുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത്.

കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഒഹിയോ, പെന്നിസില്‍വാനിയ, ടെക്സാസ് എന്നീ സംസ്ഥാനങ്ങളിലേക്കായി ഇതിനോടകം തന്നെ അയ്യായിരത്തിലധികം പ്രചാരണ ബോര്‍ഡുകളാണ് കയറ്റി വിട്ടിരിക്കുന്നത്. ‘ജനങ്ങള്‍ യേശുവിനെ തിരഞ്ഞെടുക്കും’ എന്ന പേരോടെ ആരംഭിച്ച പ്രചാരണ പരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ കൂടാതെയാണ് തരംഗമായിക്കൊണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജോയ്സ് ഹബ്ബാര്‍ഡ്, മാര്‍ത്താ സൈക്സ് എന്നിവരാണ് ക്യാംപെയിന് പിന്നില്‍.

അമേരിക്കയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങള്‍ക്കിടെ ജനങ്ങള്‍ക്ക് യേശുവിനെ ആവശ്യമുണ്ടെന്ന് ജോയ്സ് ഹബ്ബാര്‍ഡ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. നമുക്ക് ആശ്രയിക്കാവുന്നത് യേശുവിനെ മാത്രമാണ്. അവന്‍ തന്റെ വാഗ്ദാനം നിറവേറ്റും. അവന്‍ ഇതിനോടകം തന്നെ വിജയിച്ചുകഴിഞ്ഞു. യേശുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ കാര്യങ്ങളെല്ലാം ക്രമീകരിക്കപ്പെടുമെന്നും യേശുവിന്റെ നാമം എല്ലാസ്ഥലത്തും ഉണ്ടായിരിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45