Life In Christ - 2025
ദരിദ്രരുമായി പങ്കിടുക എന്നതിനർത്ഥം പരസ്പരം സമ്പന്നമാകുക: ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 20-08-2020 - Thursday
വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ ക്ഷേമത്തിനെന്നതിനുപരി അവരുടെ സമഗ്ര വികസനത്തിനായുള്ള സമ്പദ്‌വ്യവസ്ഥയെ നമുക്ക് വളർത്തിയെടുക്കാൻ കഴിയണമെന്നും ദരിദ്രരുമായി പങ്കിടുക എന്നതിനർത്ഥം പരസ്പരം സമ്പന്നമാകുകയാണെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ തന്‍റെ സ്വകാര്യ ലൈബ്രറിയിൽ പൊതുദർശന പരിപാടിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പകർച്ചവ്യാധിയിൽ നിന്നുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മൾ എല്ലാവരും ആശങ്കാകുലരാണ്. സാധാരണ നിലയിലേക്ക് മടങ്ങാനും, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ ഈ 'സാധാരണ' നിലയിലേക്കുള്ള മടങ്ങിപ്പോക്കിൽ സാമൂഹിക അനീതികളും പരിസ്ഥിതിയുടെ തകർച്ചയും ഉൾപ്പെടരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ലോകത്തിൽ കൊടികുത്തിവാഴുന്ന വലിയ അസമത്വത്തെയും, പാവപ്പെട്ടവർ നേരിടുന്ന ദുരവസ്ഥയെയും ഈ മഹാമാരി തുറന്നുകാട്ടി. ഈ വൈറസ് ആളുകൾക്കിടയിൽ ഒരു വേർതിരിവും വരുത്തുന്നില്ലെങ്കിലും, അതിന്‍റെ വിനാശകരമായ പാതയിൽ, കൊടിയ അസമത്വങ്ങളെയും വിവേചനങ്ങളേയും കണ്ടെത്തി. അത് പടർന്ന് പിടിച്ചു. അതിനാൽ ഈ മഹാമാരിയോടുള്ള പ്രതികരണം രണ്ട് രീതിയിലാണ്. ഒരു വശത്ത്, ലോകത്തെ മുഴുവൻ മുട്ടുകുത്തിച്ചിരിക്കുന്ന, ചെറുതും എന്നാൽ ഭയങ്കരവുമായ ഈ വൈറസിന് പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
മറുവശത്ത്, സാമൂഹ്യ അനീതി, അവസരങ്ങളിലെ അസമത്വം, പാർശ്വവൽക്കരണം, ദുർബലരുടെ സംരക്ഷണത്തിലെ അലംഭാവം തുടങ്ങിയ വലിയ വൈറസിനെ നാം ചികിത്സിക്കണം. ഈ രണ്ട് രീതിയിലുള്ള പ്രതികരണത്തിനും പരിഹാരമായി പാപ്പ സുവിശേഷത്തെ ചൂണ്ടിക്കാണിച്ചത്, 'ദരിദ്രർക്ക് നൽകേണ്ട മുൻഗണനയിൽ നിന്ന് പിന്നോട്ട് പോകരുത്' എന്നാണ്. പ്രാർത്ഥനയ്ക്കും ക്രിസ്തീയ രൂപീകരണത്തിനുമായി കൂടുതൽ സമയം നീക്കിവയ്ക്കാനും, ക്രിസ്തുവിന്‍റെ വിശ്വസ്തരായ ശിഷ്യന്മാരാകാനും, അങ്ങനെ സാഹോദര്യ ഐക്യദാർഢ്യത്തിൽ വളരാനും പാപ്പ എല്ലാവരേയും ക്ഷണിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക