Life In Christ - 2025

കൊറോണ വ്യാപനം തടയാനായി കത്തോലിക്ക മെത്രാന്മാരുടെ സഹായം തേടി ദക്ഷിണ കൊറിയൻ പ്രസിഡന്റ്

പ്രവാചക ശബ്ദം 22-08-2020 - Saturday

സിയോള്‍: കൊറോണ വ്യാപനം തടയാനായി കത്തോലിക്ക മെത്രാന്മാരുടെ സഹായം തേടി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ. കോവിഡ് 19 തടയാനായി രൂപപ്പെടുത്തിയ പദ്ധതികൾ പരാജയമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മെത്രാന്മാരുടെ സഹകരണം മൂൺ ജെ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച പ്രസിഡന്റിന്റെ വസതിയിൽ ഉച്ചഭക്ഷണത്തിനായി മെത്രാന്മാരെ അദ്ദേഹം ക്ഷണിച്ചിരുന്നു. പ്രതിസന്ധിയെ വേഗത്തിൽ തന്നെ മറികടന്ന് സാമ്പത്തിക നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പരാജയപ്പെട്ടാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുകയും, അത് സാമ്പത്തികമായ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

അതിനാൽ സഭ രോഗനിയന്ത്രണത്തിന്റെ കാര്യത്തിൽ മാതൃകയായി തീരണമെന്ന് കത്തോലിക്ക വിശ്വാസി കൂടിയായ പ്രസിഡന്റ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് ഒരുമിച്ചു നിൽക്കാൻ വേണ്ടി ധൈര്യവും, നേതൃത്വവും നൽകണമെന്ന് അദ്ദേഹം മെത്രാൻമാരോട് അഭ്യർത്ഥിച്ചു. കൂടുതൽ ക്രൈസ്തവ നേതാക്കന്മാരുമായി ചർച്ചകൾ നടത്താനുള്ള ആഗ്രഹവും മൂൺ ജെ പ്രകടിപ്പിച്ചു. സിയോള്‍ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആൻഡ്രൂ യിയോം സൂ- ജങ്, ഗങ്ജു അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഹൈജീനസ് കിം ഹി ജോങ് തുടങ്ങിയവർ വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു.

അതേസമയം സഭയുടെ പൂർണ പിന്തുണ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ യിയോം പ്രസിഡന്റിനെ അറിയിച്ചു. വിശ്വാസികളോട് അവരുടെ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയാനായി ദൈവം പ്രസിഡന്റിന് സോളമൻ രാജാവിന്റെ ജ്ഞാനം നൽകട്ടെ എന്ന പ്രാര്‍ത്ഥനയോടെ കൂടിയാണ് മെത്രാന്മാർ വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. രണ്ടാം തവണ പൊട്ടിപ്പുറപ്പെട്ട കൊറോണാ വൈറസ് വ്യാപനത്തിൽ രാജ്യത്ത് ഇതുവരെ 307 പേരാണ് മരണപ്പെട്ടത്.

പതിനാറായിരത്തിനു മുകളിൽ ആളുകളെ രോഗം ബാധിച്ചിട്ടുണ്ട്. സിയോളിലാണ് കൂടുതൽ ആളുകൾക്കും വൈറസ് ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം ആരംഭിച്ച ഫെബ്രുവരി മാസം തന്നെ രാജ്യത്തെ 16 രൂപതകളും പൊതു ആരാധനയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ മാസം പൊതു ആരാധന പുനഃരാരംഭിച്ചെങ്കിലും അടുത്തിടെ പ്രസിഡന്റ് മൂൺ ജെ ദേവാലയങ്ങളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് വിശ്വാസികൾ ഇപ്പോള്‍ വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും പങ്കെടുക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45