News - 2024

ചൈനയില്‍ ഓണ്‍ലൈന്‍ ബൈബിള്‍ പരിശീലനം സംഘടിപ്പിച്ച ക്രൈസ്തവ വിശ്വാസിക്ക് കടുത്ത പിഴ

പ്രവാചക ശബ്ദം 22-08-2020 - Saturday

ബെയ്ജിംഗ്: ഓണ്‍ലൈന്‍ ബൈബിള്‍ പരിശീലനം സംഘടിപ്പിച്ചതിന്റെ പേരില്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ക്രൈസ്തവ വിശ്വാസിക്ക് കടുത്ത പിഴശിക്ഷ. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ് ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന്റെ പേരില്‍ 20,000 ആര്‍.എം.ബി (ഏതാണ്ട് 2870 ഡോളര്‍) പിഴ വിധിച്ചുകൊണ്ടുള്ള ‘ലോക്കല്‍ എത്ത്നിക് ആന്‍ഡ്‌ റിലീജിയസ് അഫയേഴ്സ് ബ്യൂറോ’ (ഇ.ആര്‍.എ.ബി)യുടെ നോട്ടീസ് ‘ചൈനീസ് ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പ് ഓഫ് റൈറ്റിയസ്നസ്സ്’ സഭാംഗമായ ബ്രദര്‍ സാങ് വെന്‍ലിക്ക് ലഭിച്ചത്. പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തുവാനും എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഇ.ആര്‍.എ.ബി മുന്‍പാകെ അപ്പീല്‍ എഴുതി നല്‍കുവാനും നോട്ടീസില്‍ പറയുന്നുണ്ട്. ചൈനയിലെ ജീവിതം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഓരോ ദിവസം കഴിയും തോറും ദുസ്സഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സംഭവം സൂചിപ്പിക്കുന്നത്.

2018-ലെ മതപരമായ കാര്യങ്ങള്‍ സംബന്ധിച്ച നിയമത്തിലെ നാല്‍പ്പത്തിയൊന്നാമത്തെ വകുപ്പിനെക്കുറിച്ച് നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. മതേതര സംഘടനകള്‍, മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ പ്രവര്‍ത്തികള്‍ക്കല്ലാത്ത താല്‍ക്കാലിക വെബ്സൈറ്റുകള്‍ എന്നിവക്ക് വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ, സംഭാവനകള്‍ സ്വീകരിക്കുവാനോ, വിശ്വാസ പരിശീലനം നടത്തുവാനോ കഴിയില്ലെന്നാണ് വകുപ്പില്‍ പറയുന്നത്. ബ്രദര്‍ സാങ് സംഭാവന ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും, ഓണ്‍ലൈനില്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന്റെ പേരിലാണ് കടുത്ത പിഴയെന്നും ഫാ. ഫ്രാന്‍സിസ് ലിയു പറഞ്ഞതായി ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി)-ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ഉള്‍പ്പെടാത്തവരെ പാട്രിയോട്ടിക് സഭയില്‍ ചേര്‍ക്കുവാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഇത്തരം അടിച്ചമര്‍ത്തലിന്റെ പിന്നിലെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സഭയുടെ മേലുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസത്തിന്റെ ആരംഭം മുതല്‍ സഭ അച്ചടിക്കുന്ന ബുക്കുകള്‍, ഫോട്ടോകള്‍, ആല്‍ബങ്ങള്‍, വാര്‍ത്താപത്രങ്ങള്‍, സാഹിത്യം മുതലായവ പരിശോധിക്കുവാനും തുടങ്ങിയിട്ടുണ്ടെന്ന് സി.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ക്ക് ഉന്നത സ്ഥാപനങ്ങളില്‍ നിന്നുള്ള സമ്മതവും വേണ്ടിവരും. ദേവാലയങ്ങളിലേയും ഭവനങ്ങളിലേയും കുരിശുരൂപങ്ങളും, മതപരമായ അടയാളങ്ങളും മാറ്റി ചൈനീസ് പ്രസിഡന്റിന്റേയും മാവോയുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ലെന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ് ഏറെ വിവാദമായതിനിടെയാണ് പുതിയ സംഭവവും ചര്‍ച്ചയാകുന്നത്. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഒരു പ്രവിശ്യയില്‍ നിന്നുമാത്രം ഏതാണ്ട് ഇരുന്നൂറ്റിയന്‍പതോളം കുരിശുകളാണ് ഭരണകൂടം നീക്കം ചെയ്തത്.


Related Articles »