India - 2025

അനീതി നിറഞ്ഞ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണമെന്ന് സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍

27-08-2020 - Thursday

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമായി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടക്കുന്ന അഴിമതിയും അനീതിയും കാണാതെ പോകുന്നത് ദുഃഖകരമാണ്. സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും താവളമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നു.

ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂപക്ഷവിഭാഗങ്ങള്‍. ഈ ആറു വിഭാഗങ്ങള്‍ക്കുംവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. എന്നാല്‍, ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിന്‍ബലത്തില്‍ തട്ടിയെടുക്കുമ്പോള്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ നിസംഗത പാലിക്കുന്നത് െ്രെകസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളെ അപമാനിക്കുന്നതും അവഗണിക്കുന്നതുമാണ്.

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളെ മാറ്റിനിര്‍ത്തി ഒരു വിഭാഗം ഒന്നാകെ കൈയടക്കുന്നത് എതിര്‍ക്കപ്പെടണം. ചില പദ്ധതികളില്‍ മാത്രം 80 ശതമാനം മുസ്ലിം, 20 ശതമാനം ക്രിസ്ത്യന്‍ എന്ന അനുപാതവും അടിസ്ഥാനമില്ലാത്തതാണ്. ഈ അനുപാതത്തിന് പിന്നില്‍ യാതൊരു പഠനവുമില്ലെന്ന് സര്‍ക്കാര്‍ രേഖതന്നെ തെളിവായുള്ളപ്പോള്‍ തിരുത്തലുകള്‍ക്ക് തയാറാകാതെയുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ധാര്‍ഷ്ട്യം അതിരുകടക്കുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ചുള്ള മതപ്രചാരണം ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയുടെ ലംഘനവും ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥിതിയെ കളങ്കപ്പെടുത്തുന്നതും പതിറ്റാണ്ടുകളായി ഭാരതസമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വമുഖത്തെ വികൃതമാക്കുന്നതുമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണവിധേയ മാക്കണമെന്നാവശ്യപ്പെട്ടു ലെയ്റ്റി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.


Related Articles »