India - 2021

മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നിര്യാണം: രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രമുഖരുടെ അനുശോചന പ്രവാഹം

പ്രവാചക ശബ്ദം 07-09-2020 - Monday

കോഴിക്കോട്: താമരശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധി എംപിയുള്‍പ്പെടെയുള്ള പ്രമുഖരുടെ അനുശോചനം പ്രവാഹം. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെ ഫോണില്‍ വിളിച്ചാണ് എംപി അനുശോചനം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ടി.പി. രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.ജെ. ജോസഫ്, വി.എം. സുധീരന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ അനുശോചിച്ചു.

പിണറായി വിജയന്‍: ‍

പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ വൈദിക ശ്രേഷ്ഠനെയാണ് ക്രൈസ്തവ സഭയ്ക്ക് നഷ്ടമാകുന്നത്.

നിർധനരും വിവിധ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവരുമായ ജനങ്ങള സഹായിക്കുന്നതിന് തന്റെ പദവിയും സ്വാധീനവും അദ്ദേഹം ഉപയോഗിച്ചു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ലഭിക്കാൻ ചിറ്റിലപ്പിള്ളി പിതാവ് പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു. ദുഃഖത്തിൽ പങ്കു ചേരുന്നു.

രമേശ് ചെന്നിത്തല ‍

തിരുവനന്തപുരം: താമരശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ദേഹവിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. പതിമൂന്നു വര്‍ഷം താമരശേരി രൂപതയെ സമര്‍പ്പിത മനസോടെ നയിക്കാന്‍ അദ്ദേഹത്തിനായെന്ന് രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രൂപതയ്ക്കു കീഴിലുള്ള ഇടവകകളിലെ വിശ്വാസ സമൂഹത്തെ നേരിട്ട് പരിചയപ്പെടാന്‍ കുടുംബയോഗങ്ങള്‍ ആദ്യമായി തുടങ്ങിയതും ചിറ്റിലപ്പിള്ളി പിതാവിന്റെ കാലത്തായിരുന്നു. പിന്നീടാണ് വിവിധ സംഘടനകളിലേക്കും രാഷ്ട്രീയ പാര്‍ട്ടികളിലേക്കും ഈ ആശയം പരക്കുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലെ ഒരു ശ്രേഷ്ഠ വ്യക്തിത്വം കൂടി ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ‍

മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അനുശോചിച്ചു. സഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം ചെയ്ത സംഭാവനകള്‍ മഹത്തരമാണ്. രൂപതയുടെ പുരോഗതിക്ക് നേതൃപരമായ പങ്കുവഹിച്ചു. മലയോര മേഖലയുടെ വികസന കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ ചിറ്റിലപ്പള്ളി പിതാവ് നാടിന്റെ സമാധാനകാര്യത്തിലും ജാഗ്രതയോടെ ഇടപെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം നേടിയെടുക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വി.എം. സുധീരന്‍ ‍

കോഴിക്കോട്: താമരശേരി രൂപത മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ വേര്‍പാടില്‍ അതിയായി ദുഃഖിക്കുന്നുവെന്നും അഭിവന്ദ്യനായി എക്കാല വും സഭയെയും സമൂഹത്തെയും അദ്ദേഹം നയിച്ചെന്നും മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.


Related Articles »