News

പഴയ ആംബുലന്‍സ് ഇപ്പോള്‍ 'സ്പിരിച്വല്‍ കെയര്‍ യൂണിറ്റ്'; അമേരിക്കയിലെ സഞ്ചരിക്കുന്ന കുമ്പസാരക്കൂട് ഏറ്റെടുത്ത് ആയിരങ്ങള്‍

പ്രവാചകശബ്ദം 19-12-2023 - Tuesday

ലൂസിയാന: വിശ്വാസികള്‍ എവിടെ ആയിരുന്നാലും അവരെ കണ്ടുമുട്ടുവാനും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിപ്പിക്കുവാനുമായി അമേരിക്കയിലെ ലാസ് വേഗാസില്‍ ആരംഭിച്ച 'സ്പിരിച്വല്‍ കെയര്‍ യൂണിറ്റ്' ആംബുലന്‍സ് ഏറെ ശ്രദ്ധ നേടുന്നു. ദിവ്യകാരുണ്യ ഭക്തിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ‘കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ്’ (സി.ജെ.സി) സന്യാസ സമൂഹാംഗങ്ങളാണ് അനുരജ്ഞന കൂദാശ എല്ലാവരിലേക്കും എത്തിക്കുവാന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുവപുരോഹിതനായിരിക്കേ ഹോസ്പിറ്റല്‍ മിനിസ്ട്രിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് സഞ്ചരിക്കുന്ന കുമ്പസാരക്കൂടെന്ന ആശയം മനസില്‍ ഉദിക്കുന്നതെന്ന് ‘സി.ജെ.സി’യുടെ സുപ്പീരിയറായ ഫാ. മൈക്കേല്‍ ഷാംപെയിന്‍ ‘ചര്‍ച്ച് പോപ്‌’നോട് വിവരിച്ചു.



ജനങ്ങള്‍ എവിടെയായിരിക്കുന്നുവോ അവിടെ എത്തി അവര്‍ക്ക് സുവിശേഷം പകരുവാനും, കുമ്പസാരിപ്പിക്കുവാനുമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഒരു ആംബുലന്‍സാണ് മൊബൈല്‍ കുമ്പസാരക്കൂടാക്കി മാറ്റിയിരിക്കുന്നത്. ''തെരുവുകളില്‍ ജനങ്ങള്‍ക്ക് സുവിശേഷം പകരുവാനും, കുമ്പസാരിപ്പിക്കുവാനുമായി ഒരു പഴയ ആംബുലന്‍സ് സ്പിരിച്വല്‍ കെയര്‍ യൂണിറ്റാക്കി മാറ്റിയാല്‍ അത് നല്ലതായിരിക്കുമെന്നു എനിക്കു തോന്നി''. ഫ്രാന്‍സിസ് പാപ്പ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് കുമ്പസാരമെന്ന കൂദാശ കൂടുതല്‍ ലഭ്യമാക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ താന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ഇബേ’യില്‍ നിന്നും പഴയ ആംബുലന്‍സ് വാങ്ങിക്കുകയും അതൊരു സഞ്ചരിക്കുന്ന കുമ്പസാരക്കൂടായി പരിവര്‍ത്തനം ചെയ്യുകയുമായിരിന്നുവെന്നു ഫാ. ഷാംപെയിന്‍ വിവരിച്ചു.

2015 ഡിസംബറില്‍ വാങ്ങിയ ആംബുലന്‍സ് ഇതുവരെ അഞ്ഞൂറോളം സ്ഥലങ്ങളില്‍ നിറുത്തി ജനങ്ങളെ കുമ്പസാരിപ്പിച്ചിട്ടുണ്ട്. ഫിഷിംഗ് ടൂര്‍ണമെന്റ്, ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍, ബ്രൂവറീസ്, കെട്ടിടനിര്‍മ്മാണ സൈറ്റുകള്‍, സിനിമാ തിയേറ്ററുകള്‍, ഇടവക പരിപാടികള്‍, ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ തങ്ങളുടെ സഞ്ചരിക്കുന്ന കുമ്പസാരക്കൂടുമായി എത്തുന്നത്. ചിലയിടങ്ങളില്‍ ഒരു പ്രാവശ്യം മാത്രം പോകുമ്പോള്‍ മറ്റ്ചിലയിടങ്ങളില്‍ പതിവായി പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഈ ഉദ്യമത്തിന് കത്തോലിക്കരില്‍ നിന്നും അകത്തോലിക്കരില്‍ നിന്നും ലഭിക്കുന്ന പ്രതികരണം അതിശയിപ്പിക്കുന്നതാണെന്നാണ് പറഞ്ഞ ഫാ. ഷാംപെയിന്‍, ആദ്യമൊക്കെ തങ്ങള്‍ കുമ്പസാരിക്കുവാന്‍ വരുന്നവരെ എണ്ണാറുണ്ടായിരുന്നെന്നും എന്നാല്‍ എണ്ണം 10,000 കവിഞ്ഞപ്പോള്‍ ആ പരിപാടി നിറുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

“യേശുക്രിസ്തു തന്റെ പ്രബോധനങ്ങളും, ശുശ്രൂഷകളും കൂടുതലായും നടത്തിയത് പാതകളിലും ഇടവഴികളിലുമാണ്. അതിനാല്‍ നമ്മളും ഇത് നമ്മളുടെ പ്രേഷിവേലയുടെ ഭാഗമാക്കി മാറ്റണം”. കൂടുതലായി രണ്ടു ആംബുലന്‍സുകള്‍ കൂടി കൂട്ടിച്ചേര്‍ത്തതിനു പുറമേ, നേഴ്സിംഗ്ഹോമുകളില്‍ ഉപയോഗിക്കുന്നതിനായി പരിവര്‍ത്തനം ചെയ്ത യു-ഹോള്‍ ട്രെയിലറും ഇന്നു ഇവരുടെ പക്കലുണ്ട്. തങ്ങളുടെ മാതൃക അനുകരിക്കുവാന്‍ മറ്റ് ചില രൂപതകളും പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1986-ല്‍ ഫാ. ജെറോം ഫ്രേയാണ് വൈദികരെയും കന്യാസ്ത്രീകളെയും ബ്രദര്‍മാരേയും അത്മായരേയും ഉള്‍പ്പെടുത്തിക്കൊണ്ട് സി.ജെ.സി സമൂഹത്തിനു സ്ഥാപനം കുറിച്ചത്. സഞ്ചരിക്കുന്ന കുമ്പസാരക്കൂടിന് പുറമേ, പൊതുസ്ഥലങ്ങളില്‍ വര്‍ഷംതോറുമുള്ള ബൈബിള്‍ വായന, 40 മൈല്‍ ദൈര്‍ഘ്യമുള്ള ദിവ്യകാരുണ്യ ബോട്ട് പ്രദിക്ഷണം തുടങ്ങിയ പരിപാടികളും ഇവര്‍ നടത്തുന്ന ശ്രദ്ധേയമായ ശുശ്രൂഷകളില്‍ ചിലത് മാത്രമാണ്.


Related Articles »