India - 2025
'ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവ സമൂഹത്തോടു കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ഠമാകണം'
07-09-2020 - Monday
കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തോടു കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ഠമാകണമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിലവിലുള്ള ഉത്തരവുകള്‍ക്കും നിലപാടുകള്‍ക്കുമെതിരേ ക്രൈസ്തവ സമൂഹം ഉണരണമെന്നും സീറോ മലബാര്‍ സഭ അല്‍മായ ഫോറം സംഘടിപ്പിച്ച അല്‍മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, അല്മായ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദേശീയനേതൃത്വ വെബ് കോണ്‍ഫറന്‍സ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ പ്രക്രിയയില്‍ മതഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടത് സമൂഹബാധ്യതയാണ്. അതു നീതിനിഷ്ഠമായി നിറവേറ്റിയാലേ അര്‍ഥപൂര്‍ണമാകൂ. പങ്കാളിത്ത ജനാധിപത്യത്തില്‍ ഭൂരിപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനിവാര്യമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളുടെ സമഗ്രവളര്‍ച്ചയ്ക്ക് ഇതാവശ്യമാണ്. കോവിഡ് മഹാമാരി മനുഷ്യസമൂഹത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം മറികടക്കാന്‍ എല്ലാ സഭാ മക്കളും സംവിധാനങ്ങളും മുന്നിട്ടിറങ്ങണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു.
അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചും ക്രൈസ്തവര്‍ നേരിടുന്ന ആനുകാലിക വെല്ലുവിളികളെക്കുറിച്ചും പ്രബന്ധാവതരണം നടത്തി. ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ പ്രസിഡന്റ് ലാന്‍സി ഡി. കുണ, അഡ്വ. ജോസ് വിതയത്തില്‍, ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്തി രാഷ്ട്രീയേതരമായി പുനഃസംഘടിപ്പിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം പിന്‍വലിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കും, രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ക്കും നിവേദനം നല്‍കാന്‍ നേതൃസമ്മേളനം തീരുമാനിച്ചതായി സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പറഞ്ഞു.