Life In Christ
“ഇപ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത്”: നേഴ്സിംഗ് ഉപേക്ഷിച്ച് സന്യാസത്തെ പുല്‍കി സ്പാനിഷ് യുവതി
പ്രവാചക ശബ്ദം 17-09-2020 - Thursday
മാഡ്രിഡ്: ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നവരും ഉന്നത പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജോലിയും സാമ്പത്തിക നേട്ടങ്ങളും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരുന്ന സാക്ഷ്യങ്ങള്‍ സമീപകാലങ്ങളില്‍ കൂടിവരികയാണ്. ആ സാക്ഷ്യങ്ങളിലേക്കാണ് മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ്സ് എന്ന ഉയര്‍ന്ന ശമ്പളമുള്ള ജോലി മേഖല ഉപേക്ഷിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായ മരിയ റൈബ്സ് എന്ന സ്പാനിഷ് പെണ്‍കുട്ടിയും ഈ ദിവസങ്ങളില്‍ ഇടം നേടുന്നത്. താന്‍ ഇപ്പോഴാണ് ശരിക്കും സന്തോഷം അനുഭവിക്കുന്നതെന്ന് ഇരുപത്തിനാലുകാരിയായ ഈ യുവ സന്യാസിനി പറയുന്നു. ‘ആര്‍ഗ്യുമെന്റ്സ്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സന്യാസ ജീവിതത്തെ പുല്‍കിയ ശേഷം താന്‍ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് മരിയ വിവരിച്ചത്.
നവാര യൂണിവേഴ്സിറ്റി ക്ലിനിക്കിലെ മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ്സിംഗ് പഠനവും, കായിക പ്രവര്‍ത്തനങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പെടെ പലവിധ കാര്യങ്ങളില്‍ സജീവമായിരുന്നെങ്കിലും തന്റെ ജീവിതത്തില്‍ അക്കാലഘട്ടത്തില്‍ ശൂന്യതയാണ് അനുഭവപ്പെട്ടിരുന്നതെന്ന്‍ മരിയ പറഞ്ഞു. 'യാതൊരു ലക്ഷ്യവുമില്ലാത്ത ഓട്ടം' എന്നാണ് തന്റെ മുന്‍കാല ജീവിതത്തെ മരിയ വിശേഷിപ്പിച്ചത്. തന്റെ ദിനങ്ങള്‍ തിരക്കേറിയതായിരുന്നുവെങ്കിലും പ്രധാനപ്പെട്ടതെന്തോ തനിക്ക് നഷ്ടമായ ഒരു തോന്നലായിരുന്നു അക്കാലങ്ങളില്‍ തനിക്ക് ഉണ്ടായിരുന്നതെന്ന് അവര്‍ വെളിപ്പെടുത്തി. 2018-ല്‍ യെസു കമ്മ്യൂണിയോ സഭാംഗങ്ങളായ സന്യാസിനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചതാണ് മരിയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഉണ്ടായിരുന്നതെന്ന് അവര്‍ വെളിപ്പെടുത്തി. 2018-ല്‍ യെസു കമ്മ്യൂണിയോ സഭാംഗങ്ങളായ സന്യാസിനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചതാണ് മരിയയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
സന്യസ്ഥരെ കണ്ടപ്പോള്‍ താന്‍ ആഗ്രഹിച്ചിരുന്ന പൂര്‍ണ്ണത അതാണെന്ന തോന്നല്‍ മരിയയില്‍ ഉടലെടുക്കുകയായിരിന്നു. അങ്ങനെയാണ് സമര്‍പ്പിത ജീവിതത്തിനോടുള്ള ആഗ്രഹം തനിക്ക് ഉണ്ടായതെന്നു മരിയ പറയുന്നു. സമര്‍പ്പിത ജീവിതത്തെ പരിഹസിച്ചിരുന്ന തന്റെ അകത്തോലിക്കരായ സുഹൃത്തുക്കള്‍ വരെ തന്റെ ഇപ്പോഴത്തെ ആനന്ദകരമായ ജീവിതം കണ്ട് തീരുമാനത്തെ ബഹുമാനിക്കുകയാണെന്നും മരിയ കൂട്ടിച്ചേര്‍ത്തു. 2010-ല്‍ സിസ്റ്റര്‍ വെറോണിക്ക ബെര്‍സോസ സ്ഥാപിച്ച പ്രാര്‍ത്ഥന, ആരാധന, കൗദാശിക ജീവിതത്തില്‍ അധിഷ്ഠിതമായ ‘യെസു കമ്മ്യൂണിയോ' സന്യാസിനി സമൂഹത്തിന്റെ ഗോഡെല്ലാ ആശ്രമത്തിലെ അംഗമാണ് മരിയ ഇപ്പോള്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക