Life In Christ - 2025
എത്യോപ്യയില്‍ മൂന്നു മാസത്തിനിടെ ഇസ്ലാമിക മൗലീകവാദികളാല്‍ കൊല്ലപ്പെട്ടത് അഞ്ഞൂറിലധികം ക്രൈസ്തവര്‍
പ്രവാചക ശബ്ദം 09-09-2020 - Wednesday
അഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യ്മയ എത്യോപ്യയില്‍ കഴിഞ്ഞ മൂന്ന്‍ മാസങ്ങള്‍ക്കുള്ളില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറിലധികം ക്രൈസ്തവര്‍ ഇസ്ലാമിക മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ബര്‍ണാബാസ് ഫണ്ട്’ ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എത്യോപ്യയിലെ ഒറോമിയ സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തോക്കുകളും, വെട്ടുകത്തികളും വാളുകളും മറ്റ് ആയുധങ്ങളുമായി എത്തുന്ന തീവ്രവാദികള്‍ ക്രൈസ്തവരെ വീട്ടില്‍ നിന്നും ഇറക്കി കൊലപ്പെടുത്തുന്നത് പതിവാണെന്നു ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ബര്‍ണാബാസ് ഫണ്ട്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശസ്ത ഒറോമോ ഗായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഹചാല്ലു ഹുണ്ടേസയുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ഈ നരഹത്യയെന്നും കൊലപാതകങ്ങള്‍ക്ക് പുറമേ ക്രൈസ്തവരുടെ കച്ചവട സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി നശിപ്പിക്കുന്നത് പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒറോമ ഗോത്രത്തില്‍പ്പെട്ടവരാണ് അക്രമത്തിന്റെ പിന്നില്‍. ഹുണ്ടേസയുടെ കൊലപാതകത്തെ തുടര്‍ന്ന്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ഒറോമാ മേഖലയിലെ ബെയ്ല്‍, ആര്‍സി എന്നിവിടങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളായി പരിണമിക്കുകയായിരുന്നു. കൊലപ്പെടുത്തേണ്ട ക്രൈസ്തവരുടെ പട്ടിക തീവ്രവാദികളുടെ പക്കല്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസവുമായി സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്രൈസ്തവരില്‍ ഭൂരിഭാഗം പേരും. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പ്രാദേശിക പോലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കാറാണ് പതിവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ബര്‍ണാബാസ് ഫണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഇസ്ലാം മതസ്ഥരുടെ ഇടപെടല്‍ മൂലം ചുരുക്കം പേരുടെ ജീവന്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേരായില്‍ കൊലപ്പെടുത്തിയവരുടെ ശരീര ഭാഗങ്ങള്‍ അറുത്തെടുത്ത് അതും കൈയില്‍പ്പിടിച്ച് കൊലയാളികള്‍ പാട്ടുപാടി നൃത്തം ചെയ്തുവെന്നു ദൃക്സാക്ഷിയെ ഉദ്ധരിച്ച് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 29നായിരുന്നു ഹുണ്ടേസാ കൊല ചെയ്യപ്പെടുന്നത്. ഇതേതുടര്‍ന്ന്‍ തെരുവിലിറങ്ങിയ മുസ്ലീം ഭൂരിപക്ഷ ഒറോമാ ഗോത്രക്കാര്‍ ക്രൈസ്തവ വിശ്വാസികളായ ഒറോമകള്‍ക്കെതിരെ തിരിയുകയും, അക്രമങ്ങള്‍ മതപരമാക്കി മാറ്റുകയുമായിരിന്നു. മേഖലയിലെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ക്രൈസ്തവരുടെ കച്ചവടവും സാമ്പത്തിക നിലയും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യവും അക്രമത്തിന് പിന്നിലുള്ളവര്‍ക്ക് ഉണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക