Life In Christ - 2025
ഓക്സിജന്‍ ട്യൂബുമായി ബലിയര്‍പ്പണം: വിശ്വാസികള്‍ക്കായുള്ള ഓണ്‍ലൈന്‍ ബലിയര്‍പ്പണം മുടക്കാതെ കോവിഡ് ബാധിതനായ വൈദികന്‍
പ്രവാചക ശബ്ദം 07-09-2020 - Monday
മെറിഡാ: കൊറോണ രോഗബാധിതനായിട്ടും ഓണ്‍ലൈനിലൂടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ഇടവക ജനത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്ന മെക്സിക്കന്‍ വൈദികന്‍ മാധ്യമ ശ്രദ്ധ നേടുന്നു. തെക്ക് - കിഴക്കന്‍ മെക്സിക്കോയിലെ യുകാറ്റന്റെ തലസ്ഥാനമായ മെറിഡായിലെ സാന്താ ലൂയിസ ഡെ മാരില്ലാക’ ഇടവക വികാരിയായ ഫാ. മിഗുവേല്‍ ജോസ് മെദീനയാണ് രോഗബാധിതനായി ശാരീരിക ക്ലേശങ്ങള്‍ നേരിടുമ്പോഴും തന്റെ അജഗണങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈനിലൂടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അറുപത്തിയാറുകാരനായ ഫാ. മെദീനയ്ക്കു കഴിഞ്ഞ മാസം ആരംഭത്തിലാണ് കൊറോണ സ്ഥിരീകരിക്കുന്നത്.
രോഗബാധിതനായിട്ടു പോലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. ഫാ. മെദീന അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന ഇരുപതിനായിരം ഫോളോവേഴ്സുള്ള ഇടവകയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ആദ്യം തന്റെ മുറിയിലും, പിന്നീട് ചാപ്പലിലുമായി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയിലൂടെ ഇടവക ജനങ്ങളുമായുള്ള അടുപ്പം താന്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നു ഫാ. മെദീന എല്‍ യൂണിവേഴ്സലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മൂക്കില്‍ ഘടിപ്പിച്ച ഓക്സിജന്‍ ട്യൂബുകളുമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്നു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വൈദിക സന്യസ്ഥ സഹോദരങ്ങളാണ് കൊറോണയെ നേരിടുന്നതിനുള്ള തന്റെ ശക്തിയെന്നും ഫാ. മെദീന അഭിമുഖത്തില്‍ വെളിപ്പെടുത്തി. തന്റെ ഈ ത്യാഗത്തിന്റെ വിലതനിക്കറിയാമെന്നും അതാണ് തന്റെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടവക ജനങ്ങള്‍ ഓണ്‍ലൈനിലൂടെ അര്‍പ്പിക്കുന്ന ജപമാലയിലും അദ്ദേഹം പങ്കുചേരുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക