Life In Christ - 2024

ക്രൈസ്തവരുടെ പ്രതികരണങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി മാര്‍ തോമസ് തറയില്‍

പ്രവാചക ശബ്ദം 18-09-2020 - Friday

ചങ്ങനാശ്ശേരി: ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളെ തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും സജീവമായിരിക്കെ ഇതിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സമുദായ ബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയത പ്രോത്സാഹിപ്പിക്കുകയോ എന്നത് സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണെന്ന ആമുഖത്തോടെ ആരംഭിക്കുന്ന കുറിപ്പ് ഇന്നു ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ക്രിസ്ത്യാനിയ്ക്കു ഇന്നത്തെ കാലത്തു ഏറ്റവും ആവശ്യം അവന്റെ സ്വത്വത്തെക്കുറിച്ചുള്ള ഈ അഭിമാനബോധമാണെന്നും എല്ലാ വംശങ്ങളെയും രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ക്രിസ്തീയതക്ക് എങ്ങനെയാണു വർഗീയതയും വംശീയതയും പറയാനാവുകയെന്നും ബിഷപ്പ് ചോദ്യമുയര്‍ത്തി. ക്രിസ്ത്യാനിക്കു ഈ അഭിമാനബോധമില്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് ക്രിസ്ത്യാനിയെ ആക്രമിക്കാനും അപമാനിക്കാനും സാധിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

ബിഷപ്പിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‍

സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈയടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണിത്. സമുദായബോധവും വർഗീയതയും വളരെ വ്യത്യസ്തങ്ങളാണ്. ഞാൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധമാണ് സമുദായബോധം. അതാരോഗ്യകരമാണെന്നു മാത്രമല്ല, നമ്മിലേക്കുമാത്രം ഒതുങ്ങുന്നതുമല്ല. ഈ അഭിമാനബോധം ഇല്ലെങ്കിൽ അത് നമ്മുടെ ആത്മാഭിമാനത്തെയും തകർക്കും. ക്രിസ്ത്യാനിക്കു ഇന്നത്തെ കാലത്തു ഏറ്റവും ആവശ്യം അവന്റെ സ്വത്വത്തെക്കുറിച്ചുള്ള ഈ അഭിമാനബോധമാണ്.

അതില്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് ക്രിസ്ത്യാനിയെ ആക്രമിക്കാനും അപമാനിക്കാനും സാധിക്കുന്നത്. ഒറ്റപ്പെട്ട അപചയങ്ങളുടെ പേരിൽ അതിക്രൂരമായി സഭയെ ആക്രമിക്കുന്നത് ആസ്വദിക്കുന്നത്തിന്റെ കാരണം സഭയുടെ നന്മയുടെ ചരിത്രത്തെക്കുറിച്ചും വർത്തമാനകാലത്തെ കുറിച്ചും അഭിമാനമില്ലാത്തതുകൊണ്ടാണ്.

ഈശോ സമുദായബോധത്തെ എതിർത്തോ? സമരിയക്കാരും യഹൂദരും തമ്മിലുള്ള പ്രശ്നം സമുദായത്തിന്റെ ആയിരുന്നോ അതോ വംശീയതയുടേതായിരുന്നോ? വംശീയതയുടെ എന്നാണുത്തരം. വംശശുദ്ധിയെ കുറിച്ചുള്ള അവരുടെ മിഥ്യാധാരണയെ ഈശോ തിരുത്തി. എല്ലാ വംശങ്ങളെയും രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ക്രിസ്തീയതക്ക് എങ്ങനെയാണു വർഗീയതയും വംശീയതയും പറയാനാവുക? നാം പറയുന്നത് വിശ്വാസികളുടെ സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധത്തെകുറിച്ചാണ്. അത് പറഞ്ഞില്ലെങ്കിൽ നാളെ ഈ സമൂഹം തന്നെ ദുർബലമാകും. മറ്റുള്ളവരുടെ ദുഷ്പ്രചാരണങ്ങളുടെ നടുവിൽ എല്ലാവരെയും പ്രീതിപ്പെടുത്തി സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുന്നതാവരുത് സഭ. ലോകത്തെ വിശുദ്ധീകരിക്കുന്ന സഭക്ക് സ്വന്തം ദൗത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും അഭിമാനമുണ്ടാകണം.

വർഗീയത അപകര്‍ഷതയിൽ നിന്നാണ് വരുന്നത്. സമുദായബോധമാകട്ടെ അഭിമാനബോധത്തിൽനിന്നും. ആരോഗ്യകരമായ സമുദായബോധം ഇല്ലാത്തപ്പോഴാണ് മറ്റുള്ളവർക്ക് വർഗീയമായി മുതലെടുപ്പ് നടത്താൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ സഭാമക്കളിൽ സഭയെക്കുറിച്ചുള്ള അഭിമാനബോധം വർധിപ്പിക്കാൻ സഭാനേതൃത്വം പരിശ്രമിക്കണം. സമുദായബോധം എന്നാൽ അഭിമാനബോധം എന്ന് മാത്രം. സഭാമക്കൾക്കൊരിക്കലും വർഗീയമാകാൻ സാധിക്കില്ല. കാരണം ജീവിതത്തിൽ മുഴുവൻ സ്നേഹിക്കാനും സഹോദരനുവേണ്ടി കുരിശെടുക്കുവാനുമാണ് അവർ പരിശീലിക്കപ്പെടുന്നത്. സഭയുടെ നന്മയെ മുതലെടുത്തു സഭാമാക്കളെ ദുര്ബലപ്പെടുത്തുവാൻ സമൂഹത്തിൽ പരിശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെകൂറിച്ചു മുന്നറിയിപ്പ് കൊടുക്കാനും "സർപ്പങ്ങളുടെ വിവേകത്തോടെ" സഭാനേതൃത്വം തയ്യാറാകണം. കാരണം അറിവ് ചൂഷണത്തെ തടയും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

More Archives >>

Page 1 of 47