India - 2025

വ്യാജപ്രമാണങ്ങള്‍ ചമച്ച് ഫേസ്ബുക്കിലൂടെ അവഹേളനം: തൃശൂര്‍ അതിരൂപത പരാതി നല്‍കി

പ്രവാചക ശബ്ദം 29-09-2020 - Tuesday

തൃശൂര്‍: തൃശൂര്‍ അതിരൂപതയില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് വ്യാജപ്രമാണങ്ങള്‍ ചമയ്ക്കുകയും ഫേസ്ബുക്ക് പോസ്റ്റകളിലൂടെയും ഇ മെയിലിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. വോയ്‌സ് ഓഫ് സീറോ മലബാര്‍ ചര്‍ച്ച് എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെയും ജോസഫ് ജെയിംസ് എന്ന പേരില്‍ ഇ മെയിലുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍, തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പരാതിയനുസരിച്ച് ഐപിസി 465, 469, കേരള പോലീസ് ആക്ട് 120 ഒ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു നിര്‍ദേശം നല്കിയതായി ഈസ്റ്റ് എസ്‌ഐ സി.വി. ബിബിന്‍ അറിയിച്ചു.

സഭാവിരുദ്ധവും വ്യാജവും അപകീര്‍ത്തിപരമായതുമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് മുഖ്യപരാതി. അതിരൂപതയിലെ വൈദികര്‍ എന്ന പേരിലാണ് ആരോ വ്യാജപ്രമാണങ്ങള്‍ ചമയ്ക്കുകയും അതിലൂടെ ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഈ വ്യാജ ആരോപണങ്ങള്‍ അതിരൂപതയെയും അതിരൂപതാധ്യക്ഷനെയും അതിരൂപതയിലെ വൈദികരെയും അപകീര്‍ത്തിപ്പെടുത്തുന്നതും സല്‍പ്പേര് കളങ്കപ്പെടുത്തുന്നതുമാണ്. വ്യാജ ആരോപണങ്ങളടങ്ങിയ പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും അപകീര്‍ത്തിപരമായ കമന്റുകള്‍ എഴുതുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ അതിരൂപത വൈദിക സമിതി സെക്രട്ടറിയും അതിരൂപത പിആര്‍ഒയും ചേര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.


Related Articles »