News - 2025

കോംഗോയിലെ കത്തോലിക്ക സന്യാസിനികൾക്ക് പൊന്തിഫിക്കല്‍ സംഘടനയുടെ സഹായം

പ്രവാചക ശബ്ദം 06-10-2020 - Tuesday

കോംഗോ: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഞെരുക്കത്തിൽ കഴിയുന്ന എഴുപതു സന്യാസിനീ സമൂഹങ്ങള്‍ക്ക് പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ സാമ്പത്തിക സഹായം. ലോക്ക്ഡൌണ്‍ കാരണം കിഴക്കന്‍ കോംഗോയിലെ ബുക്കാവു സഭാ പ്രവിശ്യയിലെ സന്യാസിനി സമൂഹങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കിയെന്ന് എ.സി.എന്‍ സ്‌പെയിൻ അറിയിച്ചു. ബുക്കാവു മെത്രാപ്പോലീത്ത ഫ്രാങ്കോയിസ്-സേവ്യര്‍ മാരോയ്യുടെ അപേക്ഷ പ്രകാരം ആറു വിവിധ സന്യാസിനി സഭകളില്‍പ്പെട്ട 464 കന്യാസ്ത്രീകള്‍ക്കായി 1,20,000 യൂറോയാണ് (1,40,000 യു.എസ് ഡോളര്‍) അടിയന്തിരമായി എ.സി.എന്‍ വകയിരുത്തിയത്. ദേവാലയങ്ങളിലെ സ്തോത്രക്കാഴ്ചയുടെ വരവ് നിലച്ചതിനാല്‍ ജീവിത ചിലവ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന വൈദികർക്കുള്ള നല്‍കികൊണ്ടിരിക്കുന്ന സഹായത്തിന്റെ അനുബന്ധമായിട്ട് തന്നെയാണ് കന്യാസ്ത്രീകള്‍ക്കുള്ള സഹായവും.

വംശീയ സംഘര്‍ഷങ്ങള്‍, അരക്ഷിതാവസ്ഥ, അയല്‍രാജ്യങ്ങളുടെ സായുധാക്രമണങ്ങള്‍, പീഡന ശ്രമങ്ങൾ തുടങ്ങിയവയെ തുടർന്നു ദുരിതപൂര്‍ണ്ണമായിരുന്ന കന്യാസ്ത്രീകളുടെ ജീവിതത്തെ കൊറോണ മഹാമാരി വഷളാക്കിയത് കണക്കിലെടുത്താണ് ‘എ.സി.എന്‍’ന്റെ സഹായം. മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാലും, ഹോസ്പിറ്റലുകളില്‍ രോഗികളുടെ എണ്ണം കുറഞ്ഞതിനാല്‍ ആരോഗ്യപരിപാലന മേഖലയില്‍ സേവനം ചെയ്തുവന്നിരുന്ന സന്യാസിനികളുടെയും സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ അധ്യാപകരായ സന്യാസിനികളുടെയും വരുമാനം ഇല്ലാതായിരിക്കുകയാണെന്ന് എ.സി.എന്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ കോംഗോ ജനതയുടെ ഭൂരിഭാഗവും (96 ശതമാനം) തൊഴിലില്ലാത്തവരാണെന്നു മ്ബുജി-മായി രൂപതയുടെ മെത്രാനായ ബെര്‍ണാര്‍ഡ്‌ ഇമ്മാനുവല്‍ കാസണ്ട പറയുന്നു. കോംഗോയിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ കാരണം രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനകള്‍ കോംഗോ വിട്ടുവെങ്കിലും, കത്തോലിക്കാ സഭയും, കന്യാസ്ത്രീകളും ദുരിതമനുഭവിക്കുന്ന കോംഗോ ജനതക്കൊപ്പം ഉണ്ടായിരുന്നുവെന്ന്‍ കോംഗോയിലെ എ.സി.എന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ക്രിസ്റ്റീനെ ഡു കൗഡ്രേ പറഞ്ഞു. ലേബര്‍ ചാപ്ലൈന്‍സ് സഭയുടെ നൊവിസ് മാസ്റ്ററായ ഫാ. ക്ലമന്റെ വേഹു മുതേബ എ.സി.എന്നിന്റെ സാമ്പത്തിക സഹായത്തിന് നന്ദി അറിയിച്ചു.

More Archives >>

Page 1 of 589