News

ചരിത്ര പ്രസിദ്ധമായ അര്‍മേനിയന്‍ ക്രൈസ്തവ കത്തീഡ്രലിനു നേരെ അസര്‍ബൈജാന്‍റെ ആക്രമണം

പ്രവാചക ശബ്ദം 09-10-2020 - Friday

ഷൂഷാ: അസര്‍ബൈജാന്‍ പട്ടാളം നാഗാര്‍ണോ കരാബാക്ക് മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രധാനമായ അര്‍മേനിയന്‍ ക്രൈസ്തവ കത്തീഡ്രലിനു വ്യാപകനാശം. ഷൂഷാ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയിലെ അര്‍ത്സാഖ് രൂപതാ മെത്രാന്റെ ആസ്ഥാനമായ ഹോളി സേവ്യര്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം അസര്‍ബൈജാന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ നിലംപൊത്തി. ദേവാലയത്തിനകത്തും വ്യാപക നാശമുണ്ടായതായി അര്‍മേനിയന്‍ ഭരണകൂടം പുറത്തുവിട്ട ചിത്രങ്ങളില്‍ വ്യക്തമാണ്.

ആക്രമണം നടന്ന സമയത്ത് കുട്ടികളും മുതിർന്നവരും കത്തീഡ്രലിൽ അഭയം പ്രാപിച്ചിരിന്നെങ്കിലും ഇവര്‍ക്ക് പരിക്കുകള്‍ ഇല്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ദേവാലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് അസര്‍ബൈജാന്‍റെ വാദം. 1887ല്‍ പണി തീര്‍ത്ത ഈ കത്തീഡ്രല്‍ ദേവാലയത്തിന് നേരെ 1920ല്‍ അസര്‍ബൈജാന്‍കാര്‍ അര്‍മേനിയന്‍ വംശജരെ കൂട്ടക്കൊല ചെയ്തതിനിടയിലും ആക്രമണം ഉണ്ടായിരിന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ 1990ലാണ് ദേവാലയത്തിന്റെ നവീകരണം പൂര്‍ത്തിയായത്.

നാഗാര്‍ണോ കരാബാക്ക് അതിര്‍ത്തിയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും കഴിഞ്ഞമാസം 27ന് ആരംഭിച്ച സൈനിക ഏറ്റുമുട്ടലില്‍ ഇതിനോടകം മൂന്നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായിരിക്കുന്നത്. സമാധാന ആഹ്വാനവുമായി ലോക രാജ്യങ്ങള്‍ സജീവമാണെങ്കിലും ആക്രമണം രൂക്ഷമാണ്. റഷ്യയും ഫ്രാന്‍സും യുഎസും അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര നിരീക്ഷകര്‍ അസര്‍ബൈജാന്റെ വിദേശ മന്ത്രിയുമായിഇന്നലെ ജനീവയില്‍ ചര്‍ച്ച നടത്തി. അര്‍മേനിയന്‍ വിദേശകാര്യമന്ത്രി മോസ്‌കോയില്‍ റഷ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പ്രശ്നം വഷളാക്കുന്നത് തുര്‍ക്കിയാണെന്ന ആരോപണവും ശക്തമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »