Life In Christ - 2024

ഇറ്റാലിയൻ സർക്കാരിന്റെ പരമോന്നത പുരസ്കാരം അഭയാർത്ഥി കൊലപ്പെടുത്തിയ വൈദികന്

പ്രവാചക ശബ്ദം 09-10-2020 - Friday

റോം: ആഫ്രിക്കൻ അഭയാർത്ഥി കൊലപ്പെടുത്തിയ കൊമോ രൂപതയിലെ ഫാ. റോബർട്ടോ മൽഗെസിനിയ്ക്കു ധീരതയ്ക്കുള്ള ഇറ്റാലിയൻ സർക്കാരിന്റെ മരണാനന്തര ദേശീയ പുരസ്കാരം. ഭവനരഹിതരുടെയും, അഭയാർത്ഥികളുടെയും ഇടയിൽ സദാ സേവനസന്നദ്ധനായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം പതിനഞ്ചിനാണ് കൊല്ലപ്പെട്ടത്. ദരിദ്രരായവരെ സ്വാഗതം ചെയ്തും, അവർക്ക് നിരന്തരം സഹായങ്ങൾ എത്തിച്ചും സ്വയം വിസ്മരിച്ചുകൊണ്ടുള്ള നിസ്വാർത്ഥ സേവനമായിരുന്നു വൈദികൻ നടത്തിയതെന്ന് അവാർഡ് ദാന ഉത്തരവിൽ ഇറ്റാലിയൻ പ്രസിഡന്റ് സെര്‍ജിയോ മത്തരേല ചൂണ്ടിക്കാട്ടി.

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ കൊല്ലപ്പെട്ട വില്ലി മോഡിയെറോ ഡുവാർട്ടേ എന്ന ആഫ്രിക്കൻ വംശജനും ധീരതയ്ക്കുള്ള പുരസ്കാര പട്ടികയിൽ ഉൾപ്പെടുന്നു. ദരിദ്രർക്ക് സേവനം നൽകി ലോകത്തിന്റെ സാക്ഷ്യമായി മാറിയ വൈദികന്റെ രക്തസാക്ഷിത്വത്തിൽ താൻ ദൈവത്തിന് നന്ദി പറയുന്നുവെന്നു വൈദികൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചിരുന്നു. അശരണർക്ക് വേണ്ടി സേവനം ചെയ്യുന്ന വൈദികർക്കും, സന്യസ്തർക്കും, അൽമായർക്കും വേണ്ടി പ്രാർത്ഥിക്കാനും വിശ്വാസി സമൂഹത്തോട് പാപ്പ ആഹ്വാനം നൽകി.

പാപ്പയുടെ പ്രതിനിധിയായി പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കിയാണ് അദ്ദേഹത്തിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തത്. വൈദികന്റെ മരണത്തിന് പിന്നാലെ മാനസിക പ്രശ്നങ്ങളുള്ള ടുണീഷ്യൻ വംശജൻ കൊലക്കുറ്റം ഏറ്റെടുത്തു മുന്നോട്ടു വന്നിരുന്നു. ഇയാൾക്ക് കിടന്നുറങ്ങാൻ രൂപതയുടെ സൗകര്യങ്ങൾ ഒരുക്കി നൽകിയത് ഫാ. റോബർട്ടോ മൽഗെസിനിയായിരുന്നു. പ്രതിയായ ടുണീഷ്യൻ വംശജൻ കുറ്റം പിന്നീട് നിഷേധിക്കുകയുണ്ടായി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 49