Life In Christ - 2025

മിഷന്‍ ഞായറില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പാടുമുള്ള പത്തു ലക്ഷം കുട്ടികള്‍

പ്രവാചക ശബ്ദം 02-10-2020 - Friday

ലണ്ടന്‍: ആഗോള സഭ മിഷന്‍ ഞായറായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബർ 18നു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പത്തു ലക്ഷം കുട്ടികള്‍ ഒരുങ്ങുന്നു. ആഗോള തലത്തില്‍ പീഡിത ക്രൈസ്തവർക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ ആണ് ലോകമെമ്പാടുമുള്ള പത്തു ലക്ഷം കുഞ്ഞുങ്ങളെ കണ്ണിചേര്‍ത്തു ജപമാലയത്നം നടത്തുന്നത്. ഐക്യത്തിനും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥനാനിയോഗം. കുട്ടികളുടെ നിഷ്കളങ്കമായ പ്രാർത്ഥന തൊടുത്തു വിട്ട അമ്പ് പോലെ നേരെ ദൈവത്തിന്റെ ഹൃദയത്തിലേക്കെത്തും എന്നതിനാൽ അതിന്റെ സ്വാധീനം വലുതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദൌത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. ഭീകര പ്രവർത്തകരിൽ നിന്നും യുദ്ധങ്ങൾ മൂലവും ക്രൈസ്തവര്‍ അനുഭവിക്കുന്ന യാതനകൾ എത്രയെന്ന് തങ്ങൾക്ക് നേരിട്ടറിവുള്ളതാണെന്നും ദൈവത്തിനു മാത്രമേ സമാധാനം നൽകുവാൻ കഴിയൂവെന്നും സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നു.

2005ൽ വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലാണ് കുട്ടികളുടെ ജപമാലയത്നത്തിന് തുടക്കം കുറിച്ചത്. വഴിയരികിലെ ഒരു ദേവാലയത്തിലിരുന്ന് കുറേ കുട്ടികൾ ജപമാല ചൊല്ലിയപ്പോൾ അടുത്തുണ്ടായിരുന്ന അനേകം സ്ത്രീകൾക്ക് കന്യാമേരിയുടെ സാന്നിധ്യം ശക്തമായി അനുഭവപ്പെട്ടതും “ഒരു ദശ ലക്ഷം കുട്ടികൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ലോകത്തിന് മാറ്റം സംഭവിക്കും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളുമാണ് ജപമാലയത്നത്തിന് വഴിക്കാട്ടിയായത്.

തുടർന്നുള്ള ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കുട്ടികളാണ് ഈ പ്രാർത്ഥനയിൽ പങ്കു ചേരുവാനായി കടന്നു വന്നു കൊണ്ടിരിക്കുന്നതെന്ന് സംഘടന പറയുന്നു. പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നതിന്റെ ഫലമായി ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്ന് ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും അനുഭവിച്ചറിയാറുണ്ടെന്നും കുട്ടികളുടെ പ്രാർത്ഥനയുടെ ഫലമായി മുതിർന്നവരായ അനേകം പേർ ജപമാല സ്ഥിരമായി ചൊല്ലുവാനാരംഭിച്ചെന്നും സംഘടന അവകാശപ്പെട്ടു. ഒക്ടോബർ ജപമാല മാസമായതു കൊണ്ടും ഈശോയുടെ ബാല്യത്തെ കുറിച്ചുള്ള വിവരണങ്ങൾ നല്‍കുന്നതും ദൈവമാതാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതുമായ വിശുദ്ധ ലൂക്കായുടെ തിരുനാള്‍ ഒക്ടോബർ 18നു ആഘോഷിക്കുന്നതിനാലുമാണ് ഈ ദിവസം തന്നെ സംഘടന പ്രാര്‍ത്ഥനയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. ഇത്തവണ മിഷന്‍ ഞായറായി തിരുസഭ പ്രഖ്യാപിച്ചിരിക്കുന്നതും ഒക്ടോബര്‍ 18നാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 49