India - 2025
ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍
പ്രവാചക ശബ്ദം 09-10-2020 - Friday
കൊച്ചി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ഐക്യ ജാഗ്രതാ കമ്മീഷൻ. കേരളത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് അദ്ദേഹം. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എണ്‍പത്തിമൂന്നു വയസ്സുകാരനും രോഗിയുമായ അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കെസിബിസി പ്രസ്താവനയിൽ കുറിച്ചു.
തനിക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചതിന് അനുബന്ധമായി അന്വേഷണ സംഘം കാണിച്ച രേഖകള്‍ വ്യാജമാണ് എന്ന് അദ്ദേഹം അവരെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമാണ് ഈ വൃദ്ധവൈദികന്റെ അറസ്റ്റ്. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലാകുന്ന പതിനാറാമത്തെ ആളാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഫാ. സ്റ്റാന്‍ സ്വാമി. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ജാര്‍ഖണ്ഡില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും അവര്‍ക്കിടയിലെ ക്രൈസ്തവര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാകുന്നതായുള്ള സമീപകാല വാര്‍ത്തകളും കൂട്ടിവായിക്കേണ്ടതുണ്ട്.
ദളിതരെയും ആദിവാസികളെയും, അവരുടെ ശബ്ദമായി ജീവിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും, പ്രത്യേകിച്ച് ജാര്‍ഖണ്ഡ് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശ്ശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതികള്‍ക്കെതിരെ ഭാരതത്തിലെ മതേതര സമൂഹം ഉണരേണ്ടതുണ്ട്. ഇത്തരം ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സഭയുടെ ആശങ്കയും പ്രതിഷേധവും അറിയിക്കുന്നതോടൊപ്പം സംസ്ഥാന - ദേശീയ ഭരണകൂടങ്ങളുടെ സത്വര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും കെസിബിസിയുടെ പ്രസ്താവനയിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക