India - 2025

സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ്: ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റില്‍ മാര്‍ തോമസ് തറയില്‍

പ്രവാചക ശബ്ദം 10-10-2020 - Saturday

ചങ്ങനാശ്ശേരി: ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുണ്ടെന്നും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് ഇതൊക്കെ നടക്കുന്നതെന്നും ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍

സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ്!!!

ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു. ഒപ്പം സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുമുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാ വൈദികരെ ഇതുവരെ മതപരിവർത്തനം ആരോപിച്ചായിരുന്നു പീഡിപ്പിച്ചുകൊണ്ടിരുന്നത്. രാജ്യദ്രോഹം ജാമ്യംപോലും കിട്ടാത്ത വകുപ്പായതുകൊണ്ടു ഭരണക്കാർക്കതെളുപ്പമാണ്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് അത്ഭുതം. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു.

ഇന്ത്യയിൽ ജനാധിപത്യം വിജയിക്കില്ലെന്നു പണ്ട് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞപ്പോൾ നാമയാളെ പുച്ഛിച്ചു. എന്നാൽ ഇന്നൊരുകാര്യം തിരിച്ചറിയുന്നു. സ്വന്തം അവകാശങ്ങളെകുറിച്ച് അറിവില്ലാത്ത ജനങ്ങൾക്ക് ജനാധിപത്യവും ഏകാധിപത്യവും തമ്മിൽ വിവേചിച്ചറിയാൻപോലും സാധിക്കില്ല. ഫാ. സ്റ്റാൻ സ്വാമിക്കും അദ്ദേഹത്തിന്റെ ആദിവാസി സഹോദരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു


Related Articles »