Life In Christ

'ഞാന്‍ ഇപ്പോള്‍ യേശുവിന് ഒപ്പമാണ്': ഇസ്ലാമില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയ അനുഭവം വിവരിച്ച് ഇറാന്‍ സ്വദേശി

പ്രവാചക ശബ്ദം 11-10-2020 - Sunday

മാഡ്രിഡ്/ടെഹ്റാന്‍: ബൈബിള്‍ കൈവശം വെച്ചാല്‍ വധശിക്ഷയ്ക്കു വരെ വിധിക്കപ്പെടുന്ന കിരാത നിയമമുള്ള ഇറാനില്‍ നിന്ന്‍ ഇസ്ലാമിക വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയ യുവാവിന്റെ സാക്ഷ്യം മാധ്യമശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ വേണ്ടി സ്വന്തം രാജ്യം ഉപേക്ഷിച്ച് സ്പെയിനിലേക്ക് പലായനം ചെയ്ത സയ്യദ് മൊഹമ്മദ്‌ മഹദി എന്ന ഇറാന്‍ സ്വദേശിയുടെ ജീവിത സാക്ഷ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) നു നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്തുവിലേക്കുള്ള തന്റെ ജീവിതകഥ മഹദി വിവരിച്ചത്.

ഇറാനില്‍ ഒരു സാധാരണ ജീവിതമായിരുന്നു താന്‍ നയിച്ചിരുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം ബൈബിളിലെ വാക്കുകള്‍ ലക്ഷ്യവും, ശക്തവുമാണെന്നും അത് തന്നെ സഹായിച്ചിട്ടുണ്ടെന്നും മുപ്പത്തിയെട്ടു വയസ്സുള്ള മഹദി പറയുന്നു. തന്റെ സാധാരണ ജീവിതത്തെ മാറ്റി മറിച്ചതെന്താണെന്ന ചോദ്യത്തിന്, ഒരു ക്രൈസ്തവനാകണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും, പക്ഷേ അതത്ര എളുപ്പമല്ലെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നുമാണ് മഹദി മറുപടി നല്‍കിയത്. ഇറാനില്‍ മുസ്ലീങ്ങള്‍ക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ അനുവാദമില്ലാത്തതിനാലാണ് തനിക്ക് രാജ്യം ഉപേക്ഷിക്കേണ്ടി വന്നത്. തന്റെ തീരുമാനത്തിന്റെ പേരില്‍ പോലീസിനേയും, പ്രദേശവാസികളെയും പേടിച്ച് ദിവസങ്ങളോളം ഭക്ഷണവും, വെള്ളവുമില്ലാതെ മലയും പുഴയും താണ്ടി യാത്ര ചെയ്യേണ്ടിവന്നു.

പിന്നീട് അഭയാര്‍ത്ഥിയായി സ്പെയിനില്‍ എത്തിയപ്പോള്‍ ബുര്‍ഗോസിലെ മെത്രാപ്പോലീത്ത ഫിദേല്‍ വെഗാസില്‍ നിന്നാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. മാമ്മോദീസ ജലം തലയില്‍ വീണപ്പോള്‍ ഞാന്‍ പരിപൂര്‍ണ്ണമായും മാറി. ഞാന്‍ ഇപ്പോള്‍ യേശുവിന് ഒപ്പമാണ്. നിലവില്‍ താന്‍ സുരക്ഷിതനാണെന്നും, തന്റെ വിശ്വാസത്തോടൊപ്പം സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് യേശുവിനോടൊപ്പം ജീവിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്നും അദ്ദേഹം പറയുന്നു.

തന്റെ ജീവിതത്തിന്റെ ഊര്‍ജ്ജമായ ബൈബിളിന് പുറമേ, ബുര്‍ഗോസിലെ സെന്റ്‌ കൊസ്മാസ് ഇടവക വികാരിയും സുഹൃത്തുമായ വൈദികന്‍ സമ്മാനിച്ച ജപമാല കഴുത്തില്‍ എപ്പോഴും ഉണ്ടാകുമെന്നു അദ്ദേഹം വെളിപ്പെടുത്തി. നിരന്തരം ജപമാല ചൊല്ലാറുണ്ടെന്ന്‍ വെളിപ്പെടുത്തിയ മഹദി തന്റെ സ്വന്തം രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ക്ക് ജപമാല ധരിക്കുന്നതിനോ, ബൈബിള്‍ കൈവശം വെക്കുന്നതിനോ സാധിക്കുകയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കടുത്ത ഇസ്ലാമിക നിയമങ്ങളുള്ള രാജ്യമായ ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായ മഹമ്മുദ് അലവി രംഗത്ത് വന്നത് മാധ്യമശ്രദ്ധ നേടിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 49