Life In Christ - 2024

മെത്രാന്‍ പദവിയില്‍ നിന്ന് ഇടവക വൈദികനിലേക്ക്: എളിമയുടെ പാഠം പകര്‍ന്ന് മാര്‍ ജോണ്‍ വടക്കേലും

പ്രവാചക ശബ്ദം 13-10-2020 - Tuesday

ബിജ്‌നോര്‍: ബിജ്‌നോര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐ തന്റെ ശിഷ്ട്ടകാലം ഇടവക വികാരിയായി സേവനം ചെയ്യുവാന്‍ തീരുമാനിച്ചത് ചര്‍ച്ചയാകുന്നു. കഴിഞ്ഞ വര്‍ഷം മെത്രാന്‍ സ്ഥാനത്തുനിന്ന് വിരമിച്ച അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ഇടവക വികാരിയായി സേവനം ചെയ്യുവാന്‍ തീരുമാനിക്കുകയായിരിന്നു. കത്തവ്‌ളിയിലെ സെന്റ് തോമസ് പള്ളിയുടെ വികാരിയായും അതോടുചേര്‍ന്നുള്ള സിഎംഐ ആശ്രമത്തിന്റെ ഡയറക്ടറയുമാണു മുന്‍ മെത്രാന്‍ സേവനം ചെയ്യുക. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുതിയ മെത്രാനായി ചുമതലയേറ്റ മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പിലിനോട് ഇടവക വൈദികനായി സേവനം ചെയ്യാനുള്ള താത്പര്യം അദ്ദേഹം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നിയമനം. സഭ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ വിശ്വാസികള്‍ക്കു പ്രചോദനവും ക്രിസ്തുവിന്റെ ധീര സാക്ഷ്യവുമേകാനാണു വൈദിക ശുശ്രൂഷയിലേക്കു തിരിച്ചുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

1943ല്‍ കോതമംഗലത്ത് ജനിച്ച ഇദ്ദേഹം 1975 ഡിസംബര്‍ 19നാണു തിരുപ്പട്ടം സ്വീകരിച്ചത്. അന്നു മുതല്‍ ബിജ്‌നോറിലെ അജപാലന രംഗത്ത് സജീവമായിരുന്നു. 2009 ല്‍ മാര്‍ ഗ്രേഷ്യസ് മുണ്ടാടന്‍ സ്ഥാനമൊഴിയുന്‌പോള്‍ അദ്ദേഹത്തിന്റെ വികാരി ജനറാളായിരുന്നു മാര്‍ വടക്കേല്‍. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമായി വ്യാപിച്ചുകിടക്കുന്ന ബിജ്‌നോര്‍ രൂപതയുടെ പത്തു വര്‍ഷത്തെ ഇടയ ദൗത്യത്തില്‍നിന്നു കഴിഞ്ഞ വര്‍ഷമാണു വിരമിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ തീരുമാനം എടുത്ത് സേലം രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായനും രംഗത്ത് വന്നിരിന്നു. 68 വയസ്സു പ്രായമുള്ള അദ്ദേഹം സേലത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാർപൂരിലെ അന്നായ് വേളാങ്കണ്ണി ദേവാലയത്തില്‍ സഹവികാരിയായി സേവനം ചെയ്യുകയാണ് ഇപ്പോള്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »