News

ക്രൈസ്തവ നരഹത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ബലമേകിയത് തുര്‍ക്കി? ബന്ധം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്

പ്രവാചക ശബ്ദം 13-10-2020 - Tuesday

ഇസ്താംബൂള്‍/ ഡമാസ്ക്കസ്: ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതമായി മാറിയ, മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവ നരഹത്യയ്ക്കു നേതൃത്വം നല്‍കിയ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐസിസുമായി (ഐ.എസ്.ഐ.എസ്) തുര്‍ക്കിക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. വടക്കന്‍ സിറിയയിലെ ടെല്‍ അബ്യാദ്, സെറെ കാനിയെ മേഖലകളില്‍ വിമത പോരാളികള്‍ക്കൊപ്പം സിറിയന്‍ സൈന്യവുമായി പോരാടിക്കൊണ്ടിരിക്കുന്ന തുര്‍ക്കി സേനയില്‍ നാല്‍പ്പതോളം മുന്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ ഉണ്ടെന്നാണ് റൊജാവ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ നാഷ്ണല്‍ ആര്‍മിയിലെ അംഗങ്ങളാണിവര്‍.

അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് ടെല്‍ അബ്യാദ്. ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി ടെല്‍ അബ്യാദ്, സെറെ കാനിയെ മേഖലകളില്‍ നടന്നുവരുന്ന അധിനിവേശത്തിന്റെ ഫലമായി ക്രൈസ്തവര്‍ അടങ്ങുന്ന മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരുള്‍പ്പെടുന്ന ആയിരങ്ങളാണ് ഭവനരഹിതരായത്. അധിനിവേശം മൂലം പലായനം ചെയ്ത അവര്‍ക്കിപ്പോള്‍ സ്വന്തം ദേശത്തേക്ക് തിരിച്ചുവരുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് റൊജാവ ഇന്‍ഫര്‍മേഷന്‍ സെന്ററിനെ ഉദ്ധരിച്ച് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വംശഹത്യ അടക്കമുള്ള നിരവധി പൈശാചിക കുറ്റകൃത്യങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന തുര്‍ക്കി സേന നടത്തിവരുന്നത്. റിപ്പോര്‍ട്ടില്‍ പേരെടുത്ത പറഞ്ഞിരിക്കുന്ന പലരും ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണ്.

തുര്‍ക്കിയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ തുര്‍ക്കി ഇന്റലിജന്‍സുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ സിറിയയിലെ തുര്‍ക്കി സൈന്യത്തെ അര്‍മേനിയയുമായി പോരാടിക്കൊണ്ടിരുന്ന അസര്‍ബൈജാന്റെ സഹായത്തിനയച്ച തുര്‍ക്കി നടപടി ആഗോളതലത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ഐസിസ് തീവ്രവാദികളുമായി തുര്‍ക്കിക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഐ‌എസ് തീവ്രവാദികള്‍ മധ്യപൂര്‍വ്വേഷ്യയില്‍ നടത്തിയ നരഹത്യയില്‍ ഏറ്റവും കൂടുതല്‍ ഇരകളായത് ക്രൈസ്തവരായിരിന്നു. തുര്‍ക്കി തങ്ങളുടെ സൈനീക നടപടികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിനെ ആശ്രയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനും മുന്‍പും പുറത്തുവന്നിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്ക്കാക്കി മാറ്റിയ തുര്‍ക്കി ഭരണാധികാരി തയിപ് ഏര്‍ദോഗന്‍റെ നടപടി വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. അധികാരത്തിന് വേണ്ടിയുള്ള തീവ്ര ഇസ്ളാമിക നിലപാടാണ് അദ്ദേഹത്തെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മതന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുവാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അജണ്ട തുര്‍ക്കി ലോകമെങ്ങും വ്യാപിപ്പിക്കുകയാണോ എന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 590