News - 2025

ആഫ്രിക്കയില്‍ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

പ്രവാചക ശബ്ദം 10-10-2020 - Saturday

നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വൈദികന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (SAM) അംഗമായ ഫാ. പിയർലുയിജി മക്കാലി എന്ന മിഷ്ണറി വൈദികനാണ് രണ്ടു വര്‍ഷത്തെ സഹനങ്ങള്‍ക്ക് ഒടുവില്‍ മോചിതനായിരിക്കുന്നത്. വൈദികന്റെ മോചന വിവരം ഇറ്റലിയുടെ വിദേശകാര്യമന്ത്രി ലൂയിജി ഡി മായോ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര ഇറ്റലിയിലെ ക്രേമ സ്വദേശിയാണ് 59 വയസ്സുള്ള ഫാ. മക്കാലി. നേരത്തെ വർഷങ്ങളോളം അദ്ദേഹം ഐവറി കോസ്റ്റിൽ സേവനമനുഷ്ഠിച്ചിരുന്നു.

2018 സെപ്റ്റംബർ മാസം പതിനേഴാം തീയതി നിയാമെയിൽ ബൊമാങ്ക ഇടവക വികാരിയായിരിക്കെയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്രത്ത് ഉൽ ഇസ്ലാം വാ അൽ മുസ്ലിമിൻ എന്ന തീവ്രവാദി സംഘടന വൈദികനേയും മറ്റ് മൂന്നുപേരെയും തട്ടിക്കൊണ്ടു പോയത്. സുവിശേഷവത്ക്കരണം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങൾ, യുവകർഷക പരിശീലനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്റെ തിരോധാനം ആഫ്രിക്കന്‍ ജനതയെ ദുഃഖത്തിലാഴ്ത്തിയിരിന്നു. യാതൊരു വിവരവും ലഭ്യമാകാത്തതിനാല്‍ അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊതുവേ വിലയിരുത്തിയിരിന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാലിയിൽ നിന്ന് കാണാതായ നിക്കോളോ സിയാജി എന്ന ഇറ്റാലിയൻ വിനോദസഞ്ചാരിയോടൊപ്പം നിലത്തരിക്കുന്ന ഫാ. പിയർലുയിജിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന പ്രത്യാശ ആഫ്രിക്കന്‍ ജനതയ്ക്കു ലഭിയ്ക്കുകയായിരിന്നു. വൈദികന്‍റെ മാതൃ രൂപതയായ ക്രേമയിലെ വിശ്വാസികൾ എല്ലാമാസവും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഒത്തുചേരുന്നുണ്ടായിരിന്നുവെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ പ്രിയപ്പെട്ട വൈദികനെ ഒരുനോക്കു കാണുവാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് നൈജറിലെ ക്രൈസ്തവ സമൂഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 590