News - 2025
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം കനക്കുന്നു
പ്രവാചക ശബ്ദം 11-10-2020 - Sunday
റാഞ്ചി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജസ്യൂട്ട് വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കനക്കുന്നു. അറസ്റ്റ് ഞെട്ടിക്കുന്നതാണെന്നു മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) പറഞ്ഞു. ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്ന വൈദികൻ തന്റെ നിരപരാധിത്തം നേരത്തെ വ്യക്തമാക്കിയതാണ്. കോവിഡ് സാഹചര്യവും പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിക്കാതെയാണ് അറസ്റ്റ് എന്നും സിബിസിഐ പറഞ്ഞു.
ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ്‌ചെയ്തത് അസ്വസ്ഥതയും വേദനയും സൃഷ്ടിക്കുന്നതാണെന്നു റാഞ്ചി രൂപത പ്രതികരിച്ചു. വൃദ്ധനായ ഒരാളെ അര്‍ധരാത്രി അറസ്റ്‌്നചെയ്യുന്ന തരം എന്തു സാഹചര്യമാണു നിലവിലുണ്ടായിരുന്നതെന്നു രൂപത സംശയം ഉന്നയിച്ചു. പ്രായാധിക്യമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കുന്‌പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കണമായിരുന്നു. തനിക്ക് അസുഖങ്ങളുണ്ടെന്നും പകല്‍ ഓഫീസിലെത്തി അന്വേഷണവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്നും അറസ്റ്റ്‌ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ഐഎയുടെ നീക്കം അപലപനീയമാണെന്നു റാഞ്ചി രൂപത പത്രക്കുറിപ്പില്‍ പറഞ്ഞു.
റാഞ്ചിയിലെ ബഗൈച കാന്പസില്‍നിന്നു വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം അറസ്റ്റ്‌ചെയ്തത്. തുടര്‍ന്ന് മുംബൈയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഒക്ടോബര്‍ 23 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വൈദികന്റെ മോചനത്തിനായി സോഷ്യല്‍ മീഡിയായിലും പ്രചരണം ശക്തമാകുന്നുണ്ട്.