News - 2025
വയോജനങ്ങളെ പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന സംസ്കാരം അപകടകരം: ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 08-10-2020 - Thursday
വത്തിക്കാന്‍ സിറ്റി: പാവങ്ങളെയും വയോജനങ്ങളെയും പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന സംസ്കാരം സമൂഹത്തില്‍ വളര്‍ന്നുവരുന്നത് അപകടകരമാണെന്നു ഫ്രാന്‍സിസ് പാപ്പ. 'എന്റെ പാപ്പ' അഥവാ 'മിയോ പാപ്പ' എന്ന ഇറ്റാലിയന്‍ ആഴ്ചപ്പതിപ്പിന് ഒക്ടോബര്‍ ആദ്യവാരം നല്‍കിയ അഭിമുഖത്തിലാണ് പാപ്പ വര്‍ദ്ധിച്ചുവരുന്ന 'വലിച്ചെറിയല്‍ സംസ്കാര'ത്തെക്കുറിച്ച് സംസാരിച്ചത്. എല്ലാം സ്വന്തമാക്കുവാന്‍ പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപയോഗമില്ലാത്ത, അല്ലെങ്കില്‍ ഉപയോഗം കഴിഞ്ഞ വസ്തുക്കളെപ്പോലെ 'വലിച്ചെറിയുന്ന സംസ്കാരം' ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. പ്രായമായവരെയും രോഗികളെയും, ക്ലേശിക്കുന്നവരെയും പാവങ്ങളെയും സഹായിക്കുകയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സംസ്കാരമാണ് ഇന്ന് ആവശ്യമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
മഹാമാരി ലോകത്തെ ആകുലപ്പെടുത്തുമ്പോള്‍, കുടുംബങ്ങളിലും സമൂഹങ്ങളിലും വ്യക്തികള്‍ പരസ്പരം അടുത്തും പങ്കുവച്ചും സഹായിച്ചും ജീവിക്കുന്ന സഹോദര്യത്തിന്‍റെ അവസ്ഥ അനിവാര്യമാണ്. പൊതുനന്മയ്ക്കായി മനുഷ്യര്‍ രാജ്യത്തിന്‍റെയും ഭാഷകളുടെയും മതങ്ങളുടെയും അതിരുകള്‍ ഭേദിച്ചു മാനവികതയുടെ ഭാവി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം. ഉള്ളതെല്ലാം എനിക്കും, എന്‍റെ ഇഷ്ടക്കാര്‍ക്കും എന്ന അടച്ചുകെട്ടിയ ഇന്നിന്‍റെ 'മതില്‍ സംസ്കാരം' ഉപേക്ഷിച്ച് വരും തലമുറകളുടെ നന്മയ്ക്കായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും അതിരുകള്‍ക്കും അപ്പുറം ചെന്ന് അപരനും അപരിചതനും ക്ലേശിക്കുന്നവനും നന്മചെയ്യുന്ന പൊതുനന്മ ലക്ഷ്യംവയ്ക്കുന്ന സാഹോദര്യത്തിന്‍റെ കൂട്ടായ്മയുടെയും സംസ്കാരം ഇന്ന് വളര്‍ത്തേണ്ടത് ആവശ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക