News
ഇന്നാണ് ആ സുദിനം: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
പ്രവാചക ശബ്ദം 10-10-2020 - Saturday
അസീസ്സി: തിരുവോസ്തി രൂപനായ കര്‍ത്താവിനെ പ്രഘോഷിക്കുവാന്‍ ഓണ്‍ലൈന്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് തന്റെ കൊച്ചു ജീവിതം ധന്യമാക്കി സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോ അക്യൂറ്റിസിനെ ഇന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇന്നു റോം സമയം വൈകീട്ട് 4.30ന് (ഇന്ത്യന്‍ സമയം രാത്രി ഏട്ടു മണി) അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവെച്ചാണ് പ്രഖ്യാപനം നടക്കുക. തിരുകർമ്മങ്ങൾക്ക് അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനി മുഖ്യകാര്‍മ്മികത്വം വഹിക്കും. കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മൂവായിരത്തോളം പേര്‍ക്കു മാത്രമാണ് പ്രവേശന അനുമതി ലഭിച്ചിരിക്കുന്നത്. മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അമ്മ അന്റോണിയോ സൽസാനോയും പങ്കെടുക്കുന്നുണ്ട്. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാകുന്നതാണ്.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു.
കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്.
ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം സമര്‍പ്പിച്ച രേഖകള്‍ ഈ വര്‍ഷം ഫെബ്രുവരി 20നു ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരിന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിദഗ്ധര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് അത്ഭുത സൌഖ്യം സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു മുന്നോടിയായി അസീസിയിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനിൽ സ്ഥിതി ചെയ്യുന്ന കാർളോയുടെ കബറിടം ഒക്ടോബര്‍ ഒന്നിന് തുറന്നു നല്‍കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക