News - 2024

ഫ്രഞ്ച് ബസിലിക്കയിലെ ഭീകരാക്രമണം: ഇരകൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ

പ്രവാചക ശബ്ദം 29-10-2020 - Thursday

വത്തിക്കാന്‍ സിറ്റി: ഇന്നു ഫ്രാന്‍സിലെ നീസ് നഗരത്തിലെ നോട്രഡാം ബസിലിക്കയില്‍ മൂന്നു ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. ഭീകരതയും അക്രമവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഭവത്തില്‍ വിലപിക്കുന്ന കത്തോലിക്കാ സമൂഹത്തിന് പാപ്പ ഐക്യദാര്‍ഢ്യം നല്‍കുന്നുവെന്നും പാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി മാർപാപ്പ പ്രാർത്ഥിക്കുന്നുണ്ടെന്നും അക്രമം അവസാനിപ്പിക്കാൻ നമ്മുക്ക് പരസ്പരം സഹോദരന്മാരായി കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്രഡാം കത്തീഡ്രലിന് ഉള്ളിൽ പ്രാദേശിക സമയം രാവിലെ ഒൻപതോടെയാണ് കത്തികൊണ്ടുള്ള ആക്രമണം നടന്നത്. അക്രമി പൊലീസ് പിടിയിലായി. ആക്രമണസമയം ആരാധനാലയത്തിൽ നിരവധി പേർ ഉണ്ടായിരുന്നു. ആദ്യ ഇരയായ സ്ത്രീയുടെ കഴുത്തറത്താണ് തീവ്രവാദി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ 45 വയസ്സുള്ള കപ്യാര്‍ അടക്കം രണ്ടു പേരെ തീവ്രവാദി കുത്തി കൊലപ്പെടുത്തി. അല്ലാഹു അക്ബര്‍ എന്ന്‍ ആക്രോശിച്ചുകൊണ്ടാണ് പ്രതി ആക്രമണം നടത്തിയതെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തിയെ അക്രമി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കത്തീഡ്രലിൽ ഉണ്ടായ ആക്രമണം ഒരേ സമയം രാജ്യത്തോടും ഫ്രാൻസിന്റെ സംസ്കാരത്തോടുമുള്ള ആക്രമണമാണെന്ന് നീസിലെ ജനപ്രതിനിധി എറിക് ഇയോട്ടി ട്വിറ്ററിൽ രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലേ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്ഥലത്തെത്തിയിരിന്നു. മതനിന്ദ ആരോപിച്ച് പാരിസിൽ അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഫ്രാൻസ് മുക്തമാകുന്നതിനിടെയാണ് പുതിയ ആക്രമണം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »