Life In Christ - 2025

ഫ്രാൻസിലെ ഭീകരാക്രമണത്തിന് ഇരയായത് അള്‍ത്താര ശുശ്രൂഷി ഉള്‍പ്പെടെയുള്ളവര്‍: വിശദാംശങ്ങൾ പുറത്ത്

പ്രവാചക ശബ്ദം 30-10-2020 - Friday

പാരീസ്: ഫ്രഞ്ച് നഗരമായ നീസിലുള്ള നോട്രഡാം ബസിലിക്കയിൽ ഇന്നലെ ഭീകരാക്രമണത്തിന് ഇരയായവരുടെ വിശദാംശങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടു. രണ്ടുകുട്ടികളുടെ പിതാവായ 55 വയസ്സുകാരൻ വിൻസെന്‍റ് എലാണ് ഇരകളിൽ ഒരാൾ. ഇദ്ദേഹം പത്ത് വർഷമായി ബസിലിക്കയിൽ അൾത്താര ശുശ്രൂഷിയായി സേവനം ചെയ്തു വരികയായിരുന്നു. പ്രദേശത്തെ കത്തോലിക്കാ വിശ്വാസികൾക്ക് ഏറെ പ്രിയങ്കരനായിരിന്ന അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രാദേശിക സമൂഹം. വിൻസെന്‍റ് ഒരു അൾത്താര ശുശ്രൂഷി മാത്രമായിരുന്നില്ലായെന്നും, ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന വൈദികനെ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നുവെന്ന് ബസിലിക്കയെ പറ്റി വ്യക്തമായി അറിയാവുന്ന ഒരാൾ ലി പരീസിയൻ എന്ന ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു. ഒരുപാട് സംസാരിക്കുന്ന പ്രകൃതം വിൻസെന്റിന് ഇല്ലായിരുന്നുവെന്നും ഏറ്റവും മികവുറ്റ രീതിയിൽ എളിമയോടും, ബഹുമാനത്തോടും കൂടിയാണ് അദ്ദേഹം തന്റെ ജോലി നിർവഹിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ പുലർച്ചെ ദേവാലയത്തില്‍ പ്രാർത്ഥിക്കാൻ എത്തിയ അറുപത് വയസ്സുള്ള ഒരു സ്ത്രീയും തീവ്രവാദിയുടെ കത്തിക്ക് ഇരയായെന്ന് ഒരു ഫ്രഞ്ച് പ്രോസിക്യൂട്ടർ വെളിപ്പെടുത്തി. ദേവാലയത്തിനുള്ളില്‍ കഴുത്തറുക്കപെട്ട രീതിയിലാണ് ഈ സ്ത്രീയെ കണ്ടെത്തിയതെന്ന് ലീ ഫിഗാരോ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. 44 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാൾ എന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദിയുടെ കുത്തേറ്റ് പുറത്തേക്കോടി ഒരു കഫേയിൽ അഭയംപ്രാപിച്ച ഈ സ്ത്രീ അവിടെ വെച്ചാണ് മരണപ്പെടുന്നത്. "ഞാൻ അവരെ സ്നേഹിക്കുന്നുവെന്ന് എന്റെ കുടുംബത്തോട് പറയണമെന്ന്" മരണപ്പെടുന്നതിനു മുന്‍പ് അവർ പറയുന്നത് അവിടെ നിന്ന ഒരാൾ കേട്ടതായി ഫ്രഞ്ച് വാർത്താ മാധ്യമമായ ബിഎഫ്എം ടിവി റിപ്പോർട്ട് ചെയ്തു.

ഇവരെ കൂടാതെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഭീകരാക്രമണത്തില്‍ സെപ്റ്റംബർ മാസം ഇറ്റലി വഴി ഫ്രാൻസിൽ എത്തിയ ബ്രാഹ്മിൻ ഒസേയി എന്ന ഇരുപത്തിയൊന്നു വയസ്സുകാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് വെടിവെപ്പിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഫ്രാൻസിലെ വിവിധ ദേവാലയങ്ങൾ ഇന്നലെ പള്ളിമണി മുഴക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »