News - 2025
സിറിയന്‍ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണം, അന്താരാഷ്ട്ര സമൂഹം രാജ്യത്തെ മറന്നു: വേദന പങ്കുവെച്ച് കല്‍ദായ മെത്രാന്‍
പ്രവാചക ശബ്ദം 14-11-2020 - Saturday
ആലപ്പോ: ലോകത്തെ ഏറ്റവും പുരാതന ക്രൈസ്തവ സമൂഹങ്ങളിലൊന്നായ സിറിയന്‍ ക്രൈസ്തവരുടെ ജീവിതം, തീവ്രവാദവും ആഭ്യന്തരയുദ്ധവും മൂലം വളരെ ശോചനീയവസ്ഥയിലാണെന്ന് ആലപ്പോയിലെ കല്‍ദായ മെത്രാന്‍ അന്റോയിന്‍ ഓഡോ. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍)നു നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് അന്റോയിന്‍ സിറിയന്‍ ക്രൈസ്തവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ച് വിവരിച്ചത്. ഇഡ്ലിബ് പോലുള്ള ചില ഭാഗങ്ങളില്‍ യുദ്ധം ഇപ്പോഴും തുടരുന്നതിനാല്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയാകെ താറുമാറായ അവസ്ഥയിലാണെന്നും യുദ്ധം സിറിയയെ ദോഷകരമായി ബാധിച്ചുവെന്നും ബിഷപ്പ് പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം സിറിയയെ മറന്നുകഴിഞ്ഞുവെന്നു അദ്ദേഹം പറഞ്ഞു. സിറിയയെ ദുര്‍ബ്ബലപ്പെടുത്തല്‍, ജസീറ മേഖലകളിലെ പെട്രോളിയം ചൂഷണം ചെയ്യല്‍, ഇദ്ലിബിലും, ജസീറക്ക് ചുറ്റും തുര്‍ക്കികളുടെ ആധിപത്യം ഉറപ്പിക്കല്‍ തുടങ്ങി വന്‍ ശക്തികള്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ സാധിച്ചതും, സിറിയന്‍ ജനത കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതുമാണ് അന്താരാഷ്ട്ര സമൂഹം സിറിയയെ മറന്നതിന് പിന്നിലെ കാരണമായി മെത്രാന്‍ ചൂണ്ടിക്കാട്ടിയത്. പുനര്‍നിര്‍മ്മാണം സാധ്യമായ മേഖലകളില്‍ അത് നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നീണ്ടതും താല്‍ക്കാലികവുമായ നടപടിയാണെന്നും, ആലപ്പോയിലെ പഴയ നഗരഭാഗത്തെ അങ്ങാടികളിലും കടകളിലും ഇത് പ്രകടമാണെന്നുമായിരുന്നു മെത്രാന്റെ മറുപടി. വൈദ്യുതിയുടേയും, പെട്രോളിന്റേയും അഭാവം പുനര്‍നിര്‍മ്മാണത്തിനും, സാമ്പത്തിക മേഖലയുടെ പുനര്‍ജ്ജന്‍മത്തിനും കടുത്ത വിഘാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.സി.എന്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് മെത്രാന്‍ നന്ദി പറഞ്ഞു. ആശുപത്രികളില്‍ ഓപ്പറേഷന് വേണ്ട ചിലവിന്റെ 70% എ.സി.എന്നിന്റെ സഹായം കൊണ്ടാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ കുടുംബങ്ങളുടെ തിരിച്ചു വരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്തേയും അവിടത്തെ സാമ്പത്തിക സാഹചര്യങ്ങളേയും ആശ്രയിച്ചായിരിക്കും ക്രിസ്ത്യന്‍ കുടുംബങ്ങളുടെ മടങ്ങിവരവെന്ന്‍ മെത്രാന്‍ പറഞ്ഞു. ലെബനോനില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ തിരിച്ചുവന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ക്രൈസ്തവരുടെ സാന്നിധ്യം നിലനിറുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും, മാമ്മോദീസയിലൂടെ നമ്മുക്ക് ലഭിച്ച അനുഗ്രഹത്തോട് വിശ്വസ്തത പുലര്‍ത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവിയുള്ളതെന്നും പറഞ്ഞുകൊണ്ടാണ് മെത്രാന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക