News - 2024

സിറിയയിലെ പുരാതന അര്‍മേനിയന്‍ ക്രൈസ്തവ കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ അധിനിവേശമെന്ന് പ്രാദേശിക ഭരണകൂടം

പ്രവാചക ശബ്ദം 25-11-2020 - Wednesday

ഡമാസ്‌ക്കസ്: സിറിയായിലെ ടെല്‍ അബിയാദ് പട്ടണത്തിലുള്ള പുരാതന അര്‍മേനിയന്‍ ക്രൈസ്തവ കേന്ദ്രങ്ങള്‍ തുര്‍ക്കിസേനയും തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ നാഷ്ണല്‍ ആര്‍മിയും കൂടി നശിപ്പിക്കുന്നതായി ആരോപണം. ടെല്‍ അബായാദിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഉപാധ്യക്ഷനാണ് ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. അവിടുത്തെ പുരാവസ്തുകേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും നിയമവിരുദ്ധമായി ഖനനം നടത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. ഏതൊക്കെ കേന്ദ്രങ്ങളില്‍ അധിനിവേശം നടത്തിയെന്നുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ധാരാളം അര്‍മേനിയന്‍ ക്രൈസ്തവര്‍ താമസിച്ചിരുന്ന പട്ടണമാണ് ടെല്‍ അബായാദ്. ആഭ്യന്തരയുദ്ധത്തിന്റെയും 2019 ഒക്ടോബറിലെ തുര്‍ക്കി കടന്നുകയറ്റത്തിന്റെയും ഫലമായി പലായനം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായി തീരുകയായിരിന്നു. സമീപകാലത്ത് തുർക്കി കൂടുതലായി പ്രകടിപ്പിച്ച അർമേനിയൻ വിരുദ്ധ വികാരം ഗുരുതരമായ പ്രതിസന്ധിയാണ് ക്രൈസ്തവര്‍ക്കിടയില്‍ ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നാഗോര്‍ണോ കരാബാക്ക് പ്രദേശത്തെക്കുറിച്ചുണ്ടായ യുദ്ധത്തിനു വേണ്ടി തുര്‍ക്കി നിരവധി സിറിയന്‍ കൂലിപ്പട്ടാളക്കാരെ അയച്ചിരുന്നു.

കൂലിപ്പടയാളികൾ അർമേനിയക്കാരെ ലക്ഷ്യമിടുന്നതിനായിട്ടാണ് ഇടപെടല്‍ നടത്തിയത്. അതേസമയം പ്രാദേശിക ഭരണകൂടത്തിന്റെ ഉപാധ്യക്ഷന്റെ പ്രസ്താവനയില്‍ ഏതൊക്കെ കേന്ദ്രങ്ങളില്‍ തുര്‍ക്കി അധിനിവേശം നടത്തിയെന്ന് വ്യക്തമല്ല. സംഘര്‍ഷമേഖലയിലെ പുരാതന പ്രാധാന്യമുള്ള ക്രൈസ്തവ നിര്‍മിതികള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ട്‌.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »