News

ജെറുസലേമിലെ ഗത്‌സമനി ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം: തീവ്ര നിലപാടുള്ള യഹൂദന്‍ അറസ്റ്റില്‍

പ്രവാചക ശബ്ദം 05-12-2020 - Saturday

ജെറുസലേം: ജെറുസലേമിലെ ഗത്‌സമനി പൂന്തോട്ടത്തിനു സമീപമുളള ഒലിവുമലയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ വിലാപ ബസിലിക്ക ദേവാലയത്തിന് തീവ്ര നിലപാടുള്ള യഹൂദന്‍ തീയിട്ടു. ഉടനടി തീയണയ്ക്കാൻ വേണ്ടി നടപടികൾ സ്വീകരിച്ചതിനാൽ കനത്ത നാശനഷ്ടം ഒഴിവായി. അതിക്രമവുമായി ബന്ധപ്പെട്ട് 49 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഡിസംബർ നാലാം തീയതി ഇസ്രായേലി പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിശുദ്ധ നാട്ടിലെ കത്തോലിക്കാ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജറുസലേമിലെ പൗരസ്ത്യ, പാശ്ചാത്യ കത്തോലിക്കാ സഭകളുടെ സംയുക്ത കൂട്ടായ്മ ദേവാലയത്തിലെ കത്തിക്കരിഞ്ഞ നിലയിലുള്ള ഇരിപ്പിടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

കുറ്റവാളിയെ കസ്റ്റഡിയിലെടുത്ത ഇസ്രായേലി പോലീസിനെ കത്തോലിക്കാ നേതാക്കൾ അഭിനന്ദിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി പരമ്പരാഗതമായി ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ക്രൈസ്തവർക്ക് നേരെ യഹൂർ നടത്തുന്ന അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇസ്രായേലിലെ ബഹുഭൂരിപക്ഷം ക്രൈസ്തവരും അറബ് വംശജരാണ്. കൈവശ ഭൂമിയുടെ കാര്യത്തിൽ ഇപ്പോഴത്തെ സ്ഥിതിതന്നെ തുടരണമെന്ന് ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തെയോഫിലോസ് മൂന്നാമനുമായി 2017 ഒക്ടോബർ മാസം നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. അതേസമയം തെവ്ര നിലപാടുള്ള യഹൂദര്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം വര്‍ദ്ധിപ്പിക്കുന്നത് ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്.

ജറുസലേമിലെ ബെനഡിക്ടൻ സന്യാസ ആശ്രമം ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏതാണ്ട് അഞ്ച് തവണയാണ് ആക്രമിക്കപ്പെട്ടത്. 2014ൽ ഒരാൾ സന്യാസ ആശ്രമം പൂര്‍ണ്ണമായി തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു. 2019 ജൂൺ മാസം ജെറുസലേമിലെ അർമേനിയൻ അപ്പസ്തോലിക് ഓർത്തഡോക്സ് സെമിനാരി ലക്ഷ്യമാക്കി മൂന്നു യഹൂദ തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. വർദ്ധിച്ചുവരുന്ന മത വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ആളുകളിൽ അവബോധം സൃഷ്ടിക്കണമെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് നിരന്തരമായ ആവശ്യപ്പെട്ട് വരികയാണ്. എന്നാൽ ഇസ്രായേലി പ്രധാനമന്ത്രി അടക്കമുള്ള ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ കത്തോലിക്കാ നേതാക്കൾക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 606