News - 2024

ക്രിസ്തീയതയില്‍ നിന്നും അകന്ന പാശ്ചാത്യ രാജ്യങ്ങളില്‍ പൈശാചികത വളരുന്നു: മുന്നറിയിപ്പുമായി പ്രമുഖ ഭൂതോച്ചാടകന്‍

പ്രവാചക ശബ്ദം 06-12-2020 - Sunday

റോം: ക്രൈസ്തവ മൂല്യങ്ങളില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ സമൂഹങ്ങളില്‍ സാത്താന്‍ ആരാധനയുടെ സ്വാധീനം കൂടിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രസിദ്ധ ഭൂതോച്ചാടകനും ഡൊമിനിക്കന്‍ പുരോഹിതനുമായ ഫാ. ഫ്രാങ്കോയിസ്-മാരി ഡെര്‍മൈന്‍. “അന്ധവിശ്വാസങ്ങള്‍ക്കും, കെട്ടുകഥകള്‍ക്കും, യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് സാത്താനെ നമുക്ക് യുക്തികൊണ്ട് തിരിച്ചറിയാം” (രാജിയോണിയാമോ സുള്‍ ഡെമോണിയോ. ട്രാ സൂപ്പര്‍സ്റ്റീസിയോണി, മിതോ ഇ റിയാല്‍റ്റ) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വിവരിക്കവേ ‘നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ശ്രദ്ധേയമായ നിരീക്ഷണം പങ്കുവെച്ചത്.

പിശാചിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവനെ “മതവിരോധി” എന്നാണ് ഫാ. ഡെര്‍മൈന്‍ വിശേഷിപ്പിച്ചത്. യുവജനങ്ങളില്‍ സാത്താന്‍ ആരാധനയോടുള്ള ആഭിമുഖ്യത്തിന്റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഓണ്‍ലൈന്‍ ഉറവിടങ്ങളേയാണ്. നമ്മുടെ 90% തിന്മകളുടെ കാരണവും നമ്മള്‍ തന്നെയാണെന്നും, ഇതില്‍ നിന്നും പിശാച് നമ്മളെ പ്രകോപിപ്പിക്കുവാന്‍ വരുന്നുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ ശക്തരാകുവാന്‍ ചില ആളുകള്‍ സാത്താനെ ആശ്രയിക്കാറുണ്ടെന്നും സാത്താന്‍ ആരാധനയുടെ ലക്ഷ്യം തന്നെ അതാണെന്നുമാണ് ഫാ. ഡെര്‍മൈന്‍ പറയുന്നത്.

മതപരമായ ഉദ്ദേശത്തോടു കൂടി സൃഷ്ടിക്കപ്പെട്ടതിനാല്‍ കത്തോലിക്കര്‍ക്ക് യോഗ അഭികാമ്യമല്ലെന്നായിരുന്നു യോഗയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. സാത്താനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ ആയുധമായ മതബോധനത്തെ കത്തോലിക്കര്‍ അവഗണിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുവാനും അദ്ദേഹം മറന്നില്ല. കാനഡയില്‍ ജനിച്ചു വളര്‍ന്ന ഫാ. ഡെര്‍മൈന്‍ 1994 മുതല്‍ വിവിധ ഇറ്റാലിയന്‍ രൂപതകളില്‍ ഭൂതോച്ചാടകനായി സേവനം ചെയ്തുവരികയാണ്. 2003 മുതല്‍ നടത്തിവരുന്ന “കോഴ്സ് ഓണ്‍ എക്സോര്‍സിസം ആന്‍ഡ്‌ പ്രെയര്‍ ഓഫ് ലിബറേഷന്‍” കോഴ്സിന് രൂപം കൊടുക്കുന്നതില്‍ ഇദ്ദേഹവും നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. സോഷ്യല്‍ റിലീജിയസ് ഇന്‍ഫോര്‍മേഷന്‍ റിസര്‍ച്ച് ഗ്രൂപ്പ് എന്ന ഇറ്റാലിയന്‍ കത്തോലിക്ക അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »