News - 2025

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഫ്രാന്‍സിസ് പാപ്പ: ഇറാഖ് സന്ദര്‍ശനം മാര്‍ച്ചില്‍

പ്രവാചക ശബ്ദം 08-12-2020 - Tuesday

റോം: നീണ്ട അനിശ്ചിത്വത്തിനു ഒടുവില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം സ്ഥിരീകരിച്ച് വത്തിക്കാന്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു. പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഉര്‍, ബാഗ്ദാദ് നിനവേ മേഖലയിലെ ഇര്‍ബില്‍, മൊസൂള്‍, ക്വാരക്കോഷ് എന്നീ നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചു. ഇറാഖ് ഭരണകൂടത്തിന്റെയും പ്രാദേശിക കത്തോലിക്കാ സഭയുടേയും ക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. 2021 മാര്‍ച്ച് 5 മുതല്‍ 8 വരേയാണ് പാപ്പ ഇറാഖിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരിക്കുന്നത്. പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ‘ഉര്‍’ സന്ദര്‍ശിക്കുക എന്നത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നടക്കാതെ പോയ സ്വപ്നമാണ്.

കത്തോലിക്കാ സഭാ ചരിത്രത്തിലെ മഹത്തായ ജൂബിലി വര്‍ഷമായ 2000-ന് മുന്‍പ് ഉര്‍, സിനായി, ജെറുസലേം എന്നീ സ്ഥലങ്ങള്‍ അടങ്ങുന്ന ചരിത്രപാതയിലൂടെ മൂന്ന്‍ ഘട്ടങ്ങളുള്ള ഒരു സന്ദര്‍ശന പരിപാടിയ്ക്കു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്നത്തെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ജെനറല്‍ അഫയേഴ്സ് സോസ്റ്റിറ്റ്യൂട്ടോ ആയിരുന്ന കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റേ 2014-ല്‍ വെളിപ്പെടുത്തിയിരുന്നു. 2000 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സിനായി, ജെറുസലേം എന്നിവ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനായെങ്കിലും യാത്രാ പദ്ധതിയുടെ ഒന്നാം ഘട്ടമായ ഉര്‍ സന്ദര്‍ശിക്കുവാന്‍ വിശുദ്ധന് കഴിഞ്ഞിരിന്നില്ല. അതേസമയം കോവിഡ് മഹാമാരിക്കു ശേഷമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനമായിരിക്കും ഇറാഖിലേത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 606