Wednesday Mirror - 2024

കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത | ലേഖന പരമ്പര - ഭാഗം 16

ആന്‍റോ അക്കര / പ്രവാചക ശബ്ദം 09-12-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"നാം പാപങ്ങൾ ഏറ്റുപറയുന്നുവെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും" (1 യോഹ 1:9). ഡസൻ കണക്കിന് ക്രൈസ്തവർ കൊല്ലപ്പെട്ടതിലും ആറായിരത്തോളം ഭവനങ്ങൾ തകർക്കപ്പെട്ട് 56,000 പേർ അഭയാർത്ഥികളായതിലും, പ്രകടമായത് ആഴ്ചകളോളം ഗ്രസിച്ച ദുഷ്ടതയുടെ ഭീകരരൂപമാണ്. ഈ ആസൂത്രിത ആക്രമണം ജീവനും സ്വത്തിനും വരുത്തിയ നാശനഷ്‌ടങ്ങൾക്കു പുറമെ, വേട്ടയാടപ്പെട്ട ക്രൈസ്തവർക്ക് കടുത്ത ഭയാശങ്കയ്ക്കും കാരണമായി.

സായുധസംഘങ്ങൾ നൂറുകണക്കിന് ക്രിസ്ത്യാനികളെ ഭയാനകമായ പുനർപരിവർത്തന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിന് ക്ഷേത്രങ്ങളിലേക്കും ഗ്രാമകേന്ദ്രങ്ങളിലേക്കും നിർബന്ധിച്ച് കൊണ്ടുപോയി. മരണ ഭീഷണിയ്ക്കു മുന്നിൽ ആ ചടങ്ങിൽ അവർക്ക് പങ്കെടുക്കേണ്ടിവന്നു. അവരുടെ ശിരസ്സ് മുണ്ഡനം ചെയ്യപ്പെട്ട. 'ശുദ്ധീകരണ'ത്തിന്റെ ഭാഗമായി അവരെ പശുവിൻ ചാണകംകലക്കിയ വെള്ളം കുടിപ്പിച്ചു. വിശ്വാസം വെടിഞ്ഞുവെന്നതിന് തെളിവായി അവരിൽ ചിലരെ ബൈബിൾ കത്തിക്കാനും ദൈവാലയങ്ങൾ അശുദ്ധമാക്കാനും നിർബന്ധിച്ചു. സഹക്രൈസ്തവരുടെ ഭവനങ്ങൾ നശിപ്പിക്കാനായിരുന്നു മറ്റു ചിലരുടെ ദുര്യോഗം.

ചീനാത്ത് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി ഭുവനേശ്വറിലെ മെത്രാസന മന്ദിരത്തിൽ താമസിച്ചിരുന്ന മൃത്യുഞ്ജയ് ഡിഗൾ അച്ചൻ, ബെറ്റിക്കോള നിവാസിയായിരുന്ന തന്റെ ജ്യേഷ്‌ഠൻ പ്രതാപ് ചന്ദ്ര ഹിന്ദുസ്‌തുതികൾ പാടാൻ നിർബന്ധിക്കപ്പെടുന്നത് ടി.വി.ചാനലുകളിൽ കണ്ട് ഞെട്ടിപ്പോയി. പുനർപരിവർത്തന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിന്, കാവിപ്പട ക്രൈസ്തവരെ കൂട്ടത്തോടെ അമ്പലങ്ങളിലേയ്ക്ക് കൊണ്ടുപോകുമ്പോൾ, വയോധികർ മുതൽ പിഞ്ചുകുഞ്ഞുങ്ങൾവരെ, ആരെയും ഒഴിവാക്കിയിരുന്നില്ല.

'കൊന്നുകളയും' എന്ന ഭീഷണിയുടെ മുമ്പിൽ, നിര്‍ബന്ധത്തിന്റെ പേരിൽ, നൂറുകണക്കിന് ക്രൈസ്തവർക്ക് പുനർപരിവർത്തന ചടങ്ങിൽ പങ്കെടുക്കേണ്ടിവന്നു. എന്നാൽ അവരിൽ മിക്കവാറും എല്ലാവരും തന്നെ പിന്നീട് വിശുദ്ധ പത്രോസിനെപ്പോലെ മനസ്തപിക്കുകയും തിരിച്ചുവന്ന് ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്‌തു. അപ്രകാരം പുനർപരിവർത്തിതരായ ഏതാനും ക്രൈസ്തവരുടെ ദൃഷ്ടാന്തങ്ങൾ തുടർന്നു വായിക്കുക.

പുനർപരിവർത്തനം എന്ന പേടിസ്വപ്‌നം ‍

ജീവിതത്തിൽ ഒട്ടേറെ തിക്താനുഭവങ്ങൾ നേരിടേണ്ടിവന്ന വ്യക്തിയാണ് സൈമൺ നായക്. എന്നാൽ ആഗസ്റ്റ് 27-ന് തന്റെ ജന്മസ്ഥലമായ പിരിദുർഗ് ഗ്രാമത്തിൽ, താൻ പങ്കെടുക്കേണ്ടിവന്ന പുനർപരിവർത്തന ചടങ്ങിന്റെ തിക്തസ് മൃതിപോലെ അദ്ദേഹത്തെ വേട്ടയാടിയ വേറൊരു അനുഭവമില്ല.

"അതിന്റെ ഭീകരസ്മരണ ഇന്നും എന്നെ വേട്ടയാടുന്നുണ്ട്." സൈമൺ പറഞ്ഞു.ആ ഭയാനകമായ ചടങ്ങിനെയും അതിലേയ്ക്ക് നയിച്ച മുൻദുരനുഭവങ്ങളെയും കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. "സ്വാമിയുടെ കൊലപാതകത്തേയും തുടർന്നുള്ള ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെയും പറ്റിയുള്ള വാർത്തകേട്ടപാടെ, ഞങ്ങൾ കാട്ടിലേയ്ക്ക് പലായനം ചെയ്‌തു." അവർ മൂന്നു ദിനരാത്രങ്ങൾ വനാന്തരങ്ങളിൽ കഴിഞ്ഞുകൂടി.

"കാട്ടിൽ കഴിയുന്നതിനിടയിൽ, ഹിന്ദു അയൽവാസികൾ, സമാധാനചർച്ചയ്ക്കുവേണ്ടി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ദൂതന്മാരെ അയച്ചു."45 വയസ്സുള്ള കൂലിപ്പണിക്കാരനായ സൈമൺ അനുസ്‌മരിച്ചു. വീടുകൾ നേരത്തെ കൊള്ളയടിച്ച് തീവെച്ച് നശിപ്പിച്ചിരുന്നതിനാൽ, ഗ്രാമങ്ങളിലേയ്ക്ക് മടങ്ങാൻ ക്രൈസ്തവ കുടുംബങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാലും കാട്ടിലെ പട്ടിണിയും കാലവർഷക്കെടുതിയും ദുസ്സഹമായിരുന്നതിനാൽ അവർ ഗ്രാമത്തിലേക്കു തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു.

പക്ഷേ സംഘപരിവാർ നേതാക്കൾ വേറെ ചിലതാണ് തീരുമാനിച്ചിരുന്നത്. 'ശാന്തി സമ്മേളനം' ആ ക്രൈസ്തവരെ സംബന്ധിച്ച് അപമാനകരവും ഭയാനകവുമായ അനുഭവമായി കലാശിച്ചു. കാരണം അവരുടെ കൂട്ടത്തിൽ നിന്ന് പതിമൂന്നു ക്രിസ്‌തീയ ദമ്പതിമാരെ കാവിപ്പട, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി, പുനർപരിവർത്തനത്തിന് വിധേയരാക്കി.

ആദ്യം ആചാരപരമായി അവരുടെ തല മുണ്ഡനം ചെയ്‌തു. പിന്നീട് പുരുഷന്മാർ പതിമൂന്നുപേരും പശുവിൻ ചാണകം കലക്കിയ വെള്ളം കുടിക്കാൻ നിർബന്ധിതരായി. അവരെ ശുദ്ധീകരിക്കാനായിരുന്നു അത്. "തങ്ങൾ ക്രിസ്‌തീയ വിശ്വാസം സ്വമനസാ ഉപേക്ഷിക്കുകയാണെന്നും ഹിന്ദുമതം സ്വീകരിക്കുകയാണെന്നുമുള്ള പ്രഖ്യാപനം ഒപ്പിട്ടുകൊടുക്കാനും അവർ ഞങ്ങളെ നിർബന്ധിച്ചു." സൈമൺ വിശദീകരിച്ചു. പുനർപരിവർത്തന ചടങ്ങ് സ്ത്രീകൾക്കും മാനഹാനിക്കു കാരണമായി. വനിതകളുടെ നെറ്റിയിൽ പൂജചെയ്‌ത സിന്ദൂരം നിർബന്ധപൂർവ്വം ചാർത്തി, പ്രസാദം ഭക്ഷിക്കാനും അവർ നിർബന്ധിതരായി.

വീടുകൾ കത്തിച്ചു നശിപ്പിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്‌തതിന് ആരാണ് നഷ്ടപരിഹാരം ചെയ്യുകയെന്ന് ആ ,മർദ്ദകരോട് ക്രൈസ്തവർ ചോദിച്ചു. അതൊക്കെ സർക്കാരിന്റെ 'കടമ' ആണെന്നായിരുന്നു അവരുടെ മറുപടി. കൂടാതെ, ഭവനരഹിതരായ ക്രൈസ്തവർ റൈക്കിയയിലുള്ള അഭയാർത്ഥി ക്യാമ്പിൽ നിർബാധം പ്രവേശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാക്കിയിരുന്നു. തന്നിമിത്തം പിരി ഗുർഗ് ഗ്രാമവാസികളായിരുന്ന കുടുംബങ്ങൾ ക്യാമ്പിൽ നിന്ന് ഒളിച്ചോടാൻ തന്നെ തീരുമാനിച്ചു.

ജാഗ്രതാസംഘങ്ങൾ ക്രൈസ്തവരെ തെരഞ്ഞ് ഊരുചുറ്റിക്കൊണ്ടിരുന്നതിനിടയിൽ ആ വിശ്വാസികൾ കാടിനുള്ളിലൂടെ ക്ലേശിച്ചു യാത്ര ചെയ്‌തു. ഭാഗ്യത്തിന് അവർക്ക് ഭുവനേശ്വറിലുള്ള ബസ് കിട്ടി. അവിടെ താമസസ്ഥലം ലഭിക്കാത്തതുകൊണ്ട് അവർ 30 കി.മി. അകലെയുള്ള കട്ടക്കിലേയ്ക്കു നീങ്ങി. അവിടെ രഞ്ജിത് നായകിന്റെ ഭവനത്തിൽ അവർക്ക് അഭയം ലഭിച്ചു. ഈ ക്രിസ്ത്യൻ സാമൂഹ്യപ്രവർത്തകൻ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ഏതാനും സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സ്വന്തം വീടിനോടുചേർന്ന് ഈ അഭയകേന്ദ്രം തുടങ്ങിയത്.

'ആ ഭയാനക കർമത്തിന്റെ ഓർമമൂലം ഞാൻ ഇപ്പോഴും ഉറക്കത്തിൽ ഞെട്ടിയുണരുന്നു," മുണ്ഡിതശിരസ്‌കനായി കഴിഞ്ഞിരുന്ന സൈമൺ അനുസ്‌മരിച്ചു. ഈ കഷ്ടപ്പാട് മാറിക്കിട്ടാൻ വിശ്വാസം ഉപേക്ഷിച്ച്, ഹിന്ദുവായി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുചെല്ലുമോ എന്ന ചോദ്യത്തിന് സൈമൺ മറുപടി പറഞ്ഞു: "ഇല്ല, ഞാൻ ക്രിസ്ത്യാനിയാണ്. ക്രിസ്ത്യാനിയായിത്തന്നെ ജീവിക്കും."

ഭയാനകമായ പുനർപരിവർത്തന ചടങ്ങ് ‍

"ആ ചടങ്ങ് ഇപ്പോഴും ഭീതിജനകമായ ദു:സ്വപ്നമാണ് എനിക്ക്," സുബർണ മാലിക് വെളിപ്പെടുത്തി. മറ്റു 30 ക്രൈസ്തവരുടെകൂടെ സെപതംബർ 22-ന് താൻ പങ്കെടുക്കേണ്ടിവന്ന ചടങ്ങിനെക്കുറിച്ച് അദ്ദേഹത്തിന് പശ്ചാത്താപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹിന്ദുമതം ആശ്ലേഷിക്കണമെന്ന മൗലികവാദികളുടെ കൽപന സുബർണയും പ്രായപൂർത്തിയായ രണ്ട ആൺ മക്കളും ഗൗരവമായി എടുത്തില്ല. അക്രമികൾ ഗ്രാമത്തിൽ പ്രവേശിച്ചിട്ടുണ്ടെന്ന് കേട്ടയുടനെ അദ്ദേഹം ജീവനും കൊണ്ടോടി. പക്ഷേ, അവർ സുബർണയെ പിന്തുടർന്ന് പിടിച്ചു. പടാംഗി ഭാഗത്തുനിന്നു പിടികൂടിയ മറ്റു ക്രൈസ്തവരെയും അവർ പ്രദക്ഷിണമായി സമീപത്തുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി.

ഇതിനിടെ അവർ അദ്ദേഹത്തിന്റെ രണ്ട് മക്കളെയും പിടികൂടി. ക്രൂരമായി മർദ്ദിക്കുകയും മൂത്തമകന്റെ കണ്ണിൽ ആസിഡ് ഒഴിക്കുകയും ചെയ്‌തു. പുനർപരിവർത്തന ചടങ്ങിന് മധ്യേ എല്ലാവരുടേയും തല മുണ്ഡനം ചെയ്യപ്പെട്ടു. ഹിന്ദുമതത്തിൽ വിശ്വാസമുണ്ടെന്ന് ഏറ്റു പറയാൻ അവർ നിർബന്ധിതരായി. മതം മാറുന്നത് സ്വമനസാലെയാണെന്ന് സർക്കാർ ഉദ്യോഗസ്ഥന്മാരെ ബോധ്യപ്പെടുത്തുന്നതിന് അക്കാര്യം സമ്മതപത്രത്തിൽ ഒപ്പിട്ടു വാങ്ങുന്നതിനും അക്രമികൾ മറന്നില്ല. നിർബന്ധ പുനർപരിവർത്തന കുറ്റംചുമത്തി കാവിനേതാക്കളെ ആരെങ്കിലും കോടതി കയറ്റിയാലോ എന്ന ഭയം കൊണ്ടാണ് ഈ കരുതൽനടപടി അവർ കൈക്കൊണ്ടത്.

ഒഡീഷയിൽ പ്രാബല്യത്തിലിരിക്കുന്ന മതസ്വാതന്ത്ര്യ നിയമ പ്രകാരം (ഫ്രീഡം ഓഫ് റിലീജിയൻ ആക്‌ട്) മറ്റൊരു മതം സ്വീകരിക്കുന്നവൻ അപ്രകാരം ചെയ്യുന്നത്. സ്വതന്ത്രമനസോടെയാണ് എന്ന സത്യവാങ് മൂലം ജില്ലാ കളക്ടർക്ക് മുൻകൂട്ടി സമർപ്പിച്ച് അനുവാദം വാങ്ങിക്കണം. അല്ലാത്തപക്ഷം, മതം മാറിയവനും അതിന് കാർമ്മികത്വം വഹിച്ച പുരോഹിതനും നിയമദൃഷ്ട്യാ ശിക്ഷാർഹരാണ്‌.

"പുനർപരിവർത്തന ചടങ്ങിന് ആവശ്യമായ അരിയും ബലി അർപ്പിക്കാനുള്ള ആടുകളും ഞങ്ങൾ തന്നെ കൊടുക്കണമായിരുന്നു," ബാല്യത്തിൽ അമ്മയോടൊപ്പം ക്രിസ്തുമതം സ്വീകരിച്ച 66 വയസ് പ്രായമുള്ള സുബർണ എടുത്തു പറഞ്ഞു. "ആ ഭീകരചടങ്ങിനു ശേഷം ദിവസങ്ങളോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ, ഞങ്ങൾ അഭയാർത്ഥി ക്യാമ്പിൽ അഭയം തേടി," ഒക്ടോബർ ആദ്യവാരത്തിൽ ഞാൻ കണ്ടുമുട്ടുമ്പോൾ സുബർണ തലമുണ്ഡനം ചെയ്‌തതു മറയ്ക്കാൻ തൊപ്പി ധരിച്ചിരുന്നു. കന്ധമാലിലെ അഭയാർത്ഥി ക്യാമ്പിൽ തീർത്തും അസ്വസ്ഥനായിരുന്നു അദ്ദേഹം. കാരണം, അദ്ദേഹത്തിന്റെ മകൻ കണ്ണിലെ പരുക്ക് കാരണം ഭുവനേശ്വറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

"ഞാൻ ക്രൈസ്തവനാണ്. എക്കാലവും അങ്ങനെ ആയിരിക്കുകയും ചെയ്യും. പുനർപരിവർത്തന ചടങ്ങിൽ മനസില്ലാമനസോടെ പങ്കെടുത്തത്, എന്നോട് പൊറുക്കണമെന്നും എന്റെ ജീവനെ രക്ഷിക്കണമെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു," സുബർണ പറഞ്ഞു. സുബർണയോടൊപ്പം പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരുടെ മാനസികാവസ്ഥയെ ക്കുറിച്ച് തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു. "ക്രൈസ്തവർ പൂർണസമ്മതത്തോടെ അതിൽ സംബന്ധിച്ചതാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ആ പ്രത്യേക സാഹചര്യത്തിൽ സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ മാത്രമാണ് അവർ അങ്ങനെ ചെയ്‌തത്‌. തങ്ങളുടെ ഹൃദയങ്ങളിൽ അവർ എന്നും ക്രൈസ്തവ വിശ്വാസികളായിരിക്കും."

തന്നെയുമല്ല ഇത്തരം നാടകങ്ങൾ കന്ധമാലിലെ ക്രൈസ്തവർക്ക് പുത്തരിയല്ലെന്നും സ്വാമി ലക്ഷ്മണാനന്ദയുടെ നേതൃത്വത്തിൽ വര്ഷങ്ങളായി പുനർപരിവർത്തന ചടങ്ങുകൾ അവിടെ പതിവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസം ശക്തിപ്പെടുത്തിയ പുനർപരിവർത്തനം ‍

പൊബിംഗിയ എന്ന ഗ്രാമത്തിലാണ് പാസ്റ്റർ ലോദ്ര ദിഗൾ പാർത്തിരുന്നത്. 1995-ൽ ഒരു ദിവസം വീട്ടിൽ നിന്ന് ആറു കി.മീ. അകലെയുള്ള ഫിരിംഗിയ ക്ഷേത്രത്തിലേക്ക് മൂന്നു മക്കളോടും ഭാര്യയോടുംകൂടി അദ്ദേഹത്തെ ഒരു സംഘമാളുകൾ കൂട്ടിക്കൊണ്ടുപോയി. "സ്വാമി ലക്ഷ്മണാനന്ദയുടെ കല്പന പ്രകാരമായിരുന്നു അതെല്ലാം. ഞങ്ങളെ കൊണ്ടുചെല്ലുമ്പോൾ അദ്ദേഹം അമ്പലത്തിൽ കാത്തിരിക്കുകയായിരുന്നു," പാസ്റ്റർ ലോദ്ര അനുസ്‌മരിച്ചു. യേശുവിനെ പന്തിയോസ് പീലാത്തോസിന്റെ മുന്നിൽ എന്നതുപോലെയാണ് അന്ന് സ്വാമി ലക്ഷ്മണാനന്ദയുടെ മുമ്പിൽ പാസ്റ്ററെയും കുടുംബത്തേയും അവർ പ്രദർശിപ്പിച്ചത്.

ക്രിസ്തുമതമാകുന്ന 'തിന്മ' പ്രചരിപ്പിച്ചു. ഹിന്ദുമതം ആശ്ലേഷിക്കാനുള്ള നിരന്തരമായ തന്റെ കൽപ്പനകൾ അവഗണിച്ചു തുടങ്ങിയ കുറ്റങ്ങൾ സ്വാമി ആ പാസ്റ്ററിൽ ആരോപിച്ചു. ഈ ധിക്കാരത്തിനുള്ള ശിക്ഷയായി അദ്ദേഹത്തെയും കുടുംബത്തെയും പുനർപരിവർത്തനത്തിനു വിധേയരാക്കണമെന്ന് കന്ധമാലിലെ സർവ്വാധികാരിയായി അറിയപ്പെട്ടിരുന്ന സ്വാമി ലക്ഷ്മണാനന്ദ വിധിച്ചു.

ക്രൈസ്തവരുടെ സൽസ്വഭാവവും പ്രവർത്തനരീതികളും കണ്ടു മതിപ്പു തോന്നി 1990-ൽ ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ച പാസ്റ്റർ ലോദ്ര തുടർന്നുണ്ടായ നടപടികൾ വിശദീകരിച്ചു. "ഞങ്ങളുടെ വസ്ത്രങ്ങൾ വലിച്ചുമാറ്റി, കാവി വസ്ത്രം ധരിപ്പിച്ചു. ഈ സമയം പിഞ്ചുമക്കൾ വാവിട്ടു കരയുകയായിരുന്നു. ഞങ്ങളുടെ എതിർപ്പുകളെല്ലാം അവഗണിച്ച് അവർ കർമ്മങ്ങളൊക്ക പൂർത്തിയാക്കി. ഞങ്ങളുടെ തല മുണ്ഡനം ചെയ്തു. പശുവിൻ ചാണകം കലക്കിയ വെള്ളവും കുടിപ്പിച്ചു."

പുനർപരിവർത്തന കർമ്മങ്ങൾ കലാശിച്ചപ്പോൾ, സ്വാമി ലക്ഷ്മണാനന്ദ പാസ്റ്റർ ലോദ്രയോട് മാന്യമായി പറഞ്ഞു: "ഇനിമുതൽ നീയായിരിക്കും, നിന്റെ പ്രദേശത്തെ മുഖ്യസംഘാടകൻ." എന്നാൽ പാസ്റ്ററര്‍, ഒരിക്കലും ക്രിസ്തീയ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ചില്ല. മാത്രമല്ല, കൂടുതൽ പ്രദേശങ്ങളിലേക്ക് തന്റെ സുവിശേഷപ്രഘോഷണം വ്യാപിപ്പിക്കുകയാണ് ചെയ്‌തത്‌. "പുനർപരിവർത്തന കർമ്മത്തിനുശേഷം എനിക്ക് ഒരിക്കലും പേടി തോന്നിയിട്ടില്ല. സത്യത്തിൽ ആ അഗ്നിപരീക്ഷ എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണുണ്ടായത്." സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, കൃഷിക്കാരനായ തന്റെ പിതാവിനെ സഹായിച്ചു വളർന്നുവന്ന പാസ്റ്റർ ലോദ്ര ചൂണ്ടിക്കാട്ടി. സംഘപരിവാർ ഭാഗത്തുനിന്ന് സ്വാഭാവികമായും ഭീഷണികളുടെ പ്രവാഹമായിരുന്നു. അവയെല്ലാം തീർത്തും അവഗണിച്ച് പാസ്റ്റർ ലോദ്ര തന്റെ പ്രവർത്തനങ്ങൾ തുടർന്നു.

"അന്ന് സാഹചര്യങ്ങൾ ഇന്നത്തെ അത്ര അപകടമായിരുന്നില്ല." 2012 ജനുവരിയിൽ പാസ്റ്റർ ലോദ്ര പറഞ്ഞു. 1980-ൽ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചപ്പോൾ മാതാപിതാക്കൾ അത് അംഗീകരിച്ചില്ല. അതേസമയം അവർ എതിർത്തതുമില്ല." പൂജചെയ്‌ത് തയ്യാറാക്കിയിരുന്ന ഭക്ഷണ സാധനങ്ങൾ ഞാൻ ഭക്ഷിച്ചിരുന്നില്ല. അതുകൊണ്ട് ഉത്സവ വേളകളിൽ 'അമ്മ എനിക്ക് പ്രത്യേകമായി ഭക്ഷണം പാകപ്പെടുത്തുമായിരുന്നു." പാസ്റ്റർ ലോദ്ര എടുത്തു പറഞ്ഞു.

ലോദ്രയുടെ മൂത്തമകൻ എപ്രിയോമിനെ ഒരിക്കൽ കാവി അണികൾ തല്ലിച്ചതച്ചു. പക്ഷേ, പാസ്റ്റർ ലോഡ്രയെ അവർ ഒരിക്കലും ദേഹോപദ്രവം ഏൽപിച്ചില്ല.2008 ആഗസ്റ്റിൽ പൊബിംഗിയായിലെ മൂന്നു ഡസനോളം ക്രൈസ്തവരുടെകൂടെ പാസ്റ്റർ ലോദ്രയെ വീണ്ടും പുനർപരിവർത്തന ചടങ്ങിന് അവർ വിധേയനാക്കി.

ലോദ്ര ക്രിസ്ത്യാനിയായതിനുശേഷം മുപ്പതു വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ സ്വാധീനംകൊണ്ട് രണ്ട് സഹോദരന്മാരും രണ്ടു സഹോദരികളും കുടുംബസമേതം (പിന്നീട് മാതാപിതാക്കളും) ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. മറ്റ് അനേകരുടെ മാനസാന്തരത്തിനു അദ്ദേഹത്തിന്റെ സുവിശേഷ പ്രചാരണം കാരണമായിട്ടുണ്ട്.

ആരംഭത്തിൽ ലോദ്രയുടെ രണ്ടു ജ്യേഷ്ഠന്മാർ, ബാജുവും കുന്തരായിയും, ഹിന്ദുക്കളായി തന്നെ തുടർന്നു. മാത്രമല്ല അവർ തങ്ങളുടെ പാസ്റ്റർ സഹോദരനെതിരെ മൗലിക വാദികളുടെ ദൂതന്മാരായി പ്രവർത്തിക്കുന്നവരായിരുന്നു. അത്ഭുതമെന്നു പറയട്ടെ, പാസ്റ്റർ ലോദ്രയ്ക്ക് ഭീഷണിയായിരുന്ന അവർ രണ്ടുപേരും 2012 നവത്സര ദിനത്തിൽ, ക്രിസ്ത്യാനികളാകാൻ തീരുമാനിച്ചു. "ഇതിൽ എനിക്ക് വലിയ സന്തോഷമുണ്ട്," പാസ്റ്റർ ലോദ്ര അഭിമാനപൂർവ്വം പറഞ്ഞു.

നാലുപതിറ്റാണ്ടുകൾക്ക് മുമ്പ് തന്റെ പിതാവ് നിർമ്മിച്ചതും ജീർണിച്ചതുമായ വീട്ടിൽ വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഉപജീവനം നടത്തിയിരുന്നത്. അജപാലന ശുശ്രൂഷകളുടെ പേരിൽ പെന്തക്കോസ്ത സഭാവിഭാഗത്തിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ പ്രതിഫലം തീർത്തും അപര്യാപ്തമായിരുന്നു കുടുംബം പോറ്റാൻ. അതിനാൽ അദ്ദേഹത്തിന്റെ ഭാര്യ ഉണക്കമീൻ കൊണ്ടുനടന്ന വിൽക്കുന്നതിലെ ലാഭവും കൃഷിയിൽ നിന്നുള്ള വരുമാനവും കൂട്ടിയാണ് പാസ്റ്റർ തന്റെ കുടുംബത്തിലെ ലളിതജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ധീരമായ വിശ്വാസജീവിതം നയിച്ചിരുന്ന ഈ പാസ്റ്ററുടെ ലളിത ജീവിതം എന്നെ ഏറെ സ്പർശിച്ചു.

പത്രോസിനെപ്പോലെ മനസ്തപിച്ച പുനർപരിവർത്തിതൻ ‍

റൈക്കിയയ്ക്ക് അടുത്തുള്ള ബാന്ധവാജു ഗ്രാമത്തിലെ ക്രൈസ്തവഭവനങ്ങളെല്ലാം അക്രമി സംഘം ആഗസ്റ്റ് 27-ന് കൊള്ളയടിക്കുകയും നിലം പരിശാക്കുകയുമുണ്ടായി. രണ്ടാഴ്ചയ്ക്കകം എല്ലാവരും ഹിന്ദുമതം സ്വീകരിച്ചിരിക്കണമെന്ന് ഭീഷണി മുഴക്കിയാണ് അക്രമിസംഘം തിരിച്ചു പോയത്. പിന്നീടുള്ള ദിവസങ്ങളിൽ കലശലായ മഴ പെയ്തിരുന്നതിനാൽ അന്ത്യശാസനം ഒരാഴ്ചകൂടി നീട്ടിക്കൊടുത്തു. എന്നാൽ ക്രൈസ്തവർ ഒന്നടങ്കം ഈ മുന്നറിയിപ്പ് അവഗണിക്കുകയാണ് ചെയ്‌തത്‌. പുതുക്കിയ സമയപരിധി തീർന്നത് സെപ്തംബർ 17-ന് ആയിരുന്നു. അന്നുതന്നെ കാവികൽപന നടപ്പിലാക്കാൻ സായുധസംഘം ആ ഗ്രാമത്തിലെത്തി.

ഗ്രാമവാസികളായ 30 ക്രൈസ്തവ കുടുംബങ്ങളോടൊപ്പം സുന്ദർ പ്രധാനെയും പൈസിമുണ്ട അണക്കെട്ടിന് സമീപത്തുള്ള ക്ഷേത്രത്തിലേയ്ക്ക് അവർ കൊണ്ടുപോയി. മറ്റു ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ക്രൈസ്തവരെയും ബലം പ്രയോഗിച്ച് അവിടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. പുനർപരിവർത്തന ചടങ്ങിനിടയിൽ ക്രൈസ്തവരെ നിർബന്ധിച്ച് എടുപ്പിച്ച ഭയാനകമായ പ്രതിജ്ഞ സുന്ദർ ആവർത്തിച്ചു : "ഞാൻ ക്രിസ്തീയവിശ്വാസത്തിലേക്കു മടങ്ങിപ്പോയാൽ, എന്റെ കുടുംബാംഗങ്ങൾ പുലികൾക്ക് ഇരയായിത്തീരട്ടെ. അവരെ തലമുറകളോളം കുഷ്‌ഠ രോഗം ബാധിക്കട്ടെ."

"ആ കർമത്തിൽ സംബന്ധിച്ചാൽ പിന്നെ സംഘപരിവാർ ശല്യം ചെയ്യുകയില്ലെന്ന് ഞാൻ കരുതി. അന്നത്തെ കാര്യങ്ങളോർത്ത് ഞാൻ ഏറെ തവണ കരയുകയും ഈ പാവപ്പെട്ട ക്രിസ്ത്യാനിയുടെ നിസഹായത പൊറുക്കണമെന്ന് യേശുവിനോട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഹൃദയത്തിൽ ഞാൻ എപ്പോഴും ക്രൈസ്തവർ തന്നെയാണ്," 12-ആം വയസിൽ, മാതാപിതാക്കളോത്ത് 1970-ൽ ക്രിസ്തുമതം സ്വീകരിച്ച സുന്ദർ പറഞ്ഞു.

"പത്രോസ്ശ്ലീഹായെപോലെ ആ സമയത്ത് ജീവൻ രക്ഷിക്കുന്നതിന് എനിക്ക് മറ്റുമാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഉറപ്പുണ്ട്, യേശു എന്നെ ശിക്ഷിക്കുകയില്ലെന്ന്," യേശുവിന്റെ കുരിശുമരണത്തിന്റെ തലേരാത്രി പത്രോസ്ശ്ലീഹാ തള്ളിപ്പറഞ്ഞത് അനുസ്മരിപ്പിച്ചുകൊണ്ട് സുന്ദർ പറഞ്ഞു. പിന്നീട് പത്രോസിന്റെ കാര്യത്തിൽ എന്നതുപോലെ കർത്താവിനെ തള്ളിപ്പറഞ്ഞതിനു ശിക്ഷയായി താനും പരിഹാരം ചെയ്യേണ്ടിവന്നുവെന്ന് സുന്ദർ ഏറ്റുപറഞ്ഞു.

പുനർപരിവർത്തന ചടങ്ങുകഴിഞ്ഞ് നാലുമാസം അഭയാർത്ഥി ക്യാമ്പിൽ വസിച്ചതിനുശേഷം, ഭാര്യയെയും മകളെയും കൂട്ടി സുന്ദർ ഗ്രാമത്തിലേയ്ക്ക് മടങ്ങി. അതിനിടയ്ക്ക് M2 എന്ന പേരിൽ മാവോയിസ്റ്റുകളുടെ ഒരു വിമതവിഭാഗം കന്ധമാലിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യഥാർത്ഥ മാവോയിസ്റ്റുകളെ അപകീർത്തിപ്പെടുത്താൻ കാവിപ്പട തന്നെയാണ് ഇതിന്റെ പിന്നിലെന്നായിരുന്നു പൊതുധാരണ. വൈകാതെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്ന M2-ന്റെ പോസ്റ്ററിൽ സുന്ദറിന്റെ പേരും സ്ഥാനം പിടിക്കുകയുണ്ടായി.

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടവർക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതോടെ അവിടെനിന്ന് ഒളിച്ചോടാനും പലയിടങ്ങളിൽ ഒളിവിൽകഴിയാനും സുന്ദർ നിർബന്ധിതനായി. പോലീസിനെ ഭയപ്പെട്ടിരുന്നതിനാൽ, അദ്ദേഹം ഏറെ നാളുകളായി ഭാര്യയും മകളുമായി യാതൊരു സമ്പർക്കവും പുലർത്തിയിരുന്നില്ല.

(ഒളിച്ചു പാർക്കൽ ആരംഭിച്ചിട്ട് എട്ട് മാസം കഴിഞ്ഞ് 2009 ഡിസംബറിലാണ് തന്റെ ജീവിതപ്രശ്നങ്ങൾ സുന്ദർ എന്നോട് പങ്കുവച്ചത്).

തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാലിലെ താരശൂന്യ ക്രിസ്തുമസിലെ തീവ്രസാക്ഷ്യം )

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »