News - 2024

ക്രിസ്തുമസിനു നാലു കുര്‍ബാനകള്‍ വരെ അര്‍പ്പിക്കുവാന്‍ വൈദികര്‍ക്ക് വത്തിക്കാന്റെ അനുമതി

പ്രവാചക ശബ്ദം 18-12-2020 - Friday

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ വിശ്വാസികള്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി ക്രിസ്തുമസ് ദിനത്തിലും, ദൈവമാതാവിന്റെ തിരുനാള്‍ ദിനമായ ജനുവരി 1നും, ദനഹാ തിരുനാളിലും നാലു വിശുദ്ധ കുര്‍ബാനകള്‍ വരെ അര്‍പ്പിക്കുവാന്‍ വൈദികര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് വത്തിക്കാന്‍ ആരാധനാ തിരുസംഘം ഔദ്യോഗിക ഡിക്രി പുറത്തുവിട്ടു. കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തിലും മൂന്നു തിരുനാളുകളിലും നാലു കുര്‍ബാനകള്‍ വരെ അര്‍പ്പിക്കുവാനുള്ള അനുവാദം വൈദികര്‍ക്ക് നല്‍കുവാന്‍ രൂപതാ മെത്രാന്‍മാര്‍ക്ക് അധികാരമുണ്ടെന്ന് ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ഒപ്പിട്ട ഔദ്യോഗിക ഡിക്രിയില്‍ പറയുന്നു.

സാധാരണഗതിയില്‍ ഒരു വൈദികന് ഒരു ദിവസം ഒരു കുര്‍ബാന അര്‍പ്പിക്കുവാന്‍ പാടുള്ളൂ എന്നാണ് കാനോന്‍ നിയമത്തില്‍ പറയുന്നത്. എന്നാല്‍ അജപാലകപരമായ ആവശ്യം കണക്കിലെടുത്ത് മതിയായ വൈദികരുടെ അഭാവമുള്ള സാഹചര്യത്തില്‍ രണ്ടു കുര്‍ബാനകള്‍ വരേയും, ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും 3 കുര്‍ബാനകള്‍ വരേയും അര്‍പ്പിക്കുന്നതിന് പുരോഹിതര്‍ക്ക് അനുവാദം നല്‍കുവാനുള്ള അധികാരം പ്രാദേശിക മെത്രാന്‍മാര്‍ക്കുണ്ടെന്ന് കാനോന്‍ 905-ല്‍ പറയുന്നുണ്ട്.

പകര്‍ച്ചവ്യാധി അതിരൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളിലേയും കടമുള്ള ദിവസങ്ങളിലേയും വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുവാനുള്ള ബാധ്യതയില്‍ നിന്നും മെത്രാന്മാര്‍ വിശ്വാസികളെ ഒഴിവാക്കിയിരുന്നു. ഇപ്പോഴും നിരവധി രൂപതകളില്‍ പരിമിതമായ വിശ്വാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പൊതു കുര്‍ബാനകള്‍ അര്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കുര്‍ബാനകളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുവാന്‍ സാധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഡിസംബര്‍ 16ന് പുറത്തുവിട്ട ഔദ്യോഗിക ഡിക്രി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 608