News - 2025

അശുഭ സൂചന? വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുതം സംഭവിച്ചില്ല

പ്രവാചക ശബ്ദം 17-12-2020 - Thursday

നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സിലെ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുതം ഇത്തവണ സംഭവിക്കാത്തതില്‍ ആശങ്കയുമായി വിശ്വാസി ലോകം. അശുഭകരമായ എന്തോ വരുന്നതിന്റെ സൂചനയാണിതെന്നാണ് പരക്കെ ഉയരുന്ന പ്രചരണം. വിശുദ്ധന്റെ തിരുശേഷിപ്പ് നേപ്പിള്‍സിലെ കത്തീഡ്രലില്‍ കൊണ്ടുവന്ന മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയും, വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നും, 1631-ല്‍ വെസൂവിയസ് അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിന്നും നേപ്പിള്‍സ് നഗരത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ ഓര്‍മ്മദിവസമായ ഡിസംബര്‍ 16നുമാണ് വിശുദ്ധന്റെ കട്ടപിടിച്ച് മാംസകഷണം പോലെയിരിക്കുന്ന രക്തക്കട്ട ഉരുകി ദ്രവരൂപത്തില്‍ മനുഷ്യ രക്തത്തിന് സമാനമായി മാറുന്ന അത്ഭുതം സംഭവിക്കാറുള്ളത്.

കഴിഞ്ഞ മെയ് മാസത്തിലും സെപ്റ്റംബര്‍ 19നും രക്തക്കട്ട ദ്രവരൂപത്തിലായെങ്കിലും ഡിസംബര്‍ 16-ന് ഈ അത്ഭുതം ആവര്‍ത്തിക്കാത്തതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശുദ്ധന്റെ രക്തക്കട്ട സൂക്ഷിച്ചിരിക്കുന്ന കണ്ണാടിപാത്രം സേഫില്‍ നിന്നും പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ രക്തം കട്ടപിടിച്ചിരിക്കുകയായിരുന്നെന്ന്‍ നേപ്പിള്‍സ് ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. വിന്‍സെന്‍സോ ഡെ ഗ്രിഗോറിയോ പറഞ്ഞു. യേശുവിലെ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്റെ രക്തം ദ്രവരൂപത്തിലാകുന്ന ഈ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ അത് വരുവാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നോടിയാണെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്.

1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല. എന്നാല്‍ ഡിസംബര്‍ 16-ന് വളരെ വിരളമായിട്ടാണ് ഈ അത്ഭുതം സംഭവിക്കാറുള്ളതെന്നാണ് വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകനായ ഫ്രാന്‍സെസ്കോ അന്റോണിയോ ഗ്രാന പറയുന്നത്. 2016 ഡിസംബറില്‍ ഈ അത്ഭുതം സംഭിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേപ്പിള്‍സിന്റെ മാധ്യസ്ഥനായ വിശുദ്ധ ജാനുയേരിയൂസ് മൂന്നാം നൂറ്റാണ്ടില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് രക്തസാക്ഷിത്വം വരിക്കുന്നത്. 1389-ലാണ് വിശുദ്ധന്റെ രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുതം ആദ്യമായി സംഭവിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 608