News - 2025
ആര്‍സൂവിനെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത പ്രതിക്ക് ജാമ്യം: ഭീതിയോടെ കുടുംബവും ക്രിസ്ത്യന്‍ സമൂഹവും
പ്രവാചക ശബ്ദം 21-12-2020 - Monday
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നും പതിമൂന്നുകാരിയായ ആര്‍സൂ രാജയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത നാല്‍പ്പത്തിനാലുകാരനും സഹായികള്‍ക്കും ജാമ്യം. അഞ്ചു ലക്ഷം പാക്കിസ്ഥാനി റുപ്പി (ഏതാണ്ട് 2,700 യൂറോ) വീതം ജാമ്യത്തുകയുടെ പുറത്താണ് ഒന്നാം പ്രതിയായ അലി അസ്ഹറിനും, നിര്‍ബന്ധിത വിവാഹം നടത്തിക്കൊടുത്ത ഇമാമിനും, തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായ കൂട്ടുപ്രതികള്‍ക്കും കറാച്ചിയിലെ കീഴ്ക്കോടതി ജാമ്യമനുവദിച്ചതെന്നു ആര്‍സുവിന്റെ അഭിഭാഷകനായ മൊഹമ്മദ് ജിബ്രാന്‍ നസീര്‍ വെളിപ്പെടുത്തി. അലി അസ്ഹറിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച അപേക്ഷയുടെ പുറത്ത് ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു ജിബ്രാന്‍ നസീര്‍ പ്രസ്താവിച്ചു.
ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ച കുറ്റകൃത്യത്തിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പാക്ക് ക്രിസ്ത്യന്‍ സമൂഹം ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷിതയല്ലെന്നും, പ്രതികള്‍ ആര്‍സുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍സൂവിന്റെ കുടുംബത്തിന് സംരക്ഷണം ആവശ്യമാണെന്നും കേസ് പുറം ലോകത്തെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡൊമിനിക്ക് ഡി’സൂസ ആവശ്യപ്പെട്ടിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിന്ധ് ഹൈക്കോടതി മുന്‍പാകെയാണ് ആര്‍സുവിന്റെ കേസ് ആദ്യമായി എത്തിയത്. ആര്‍സൂവിന്റെ പ്രായം തെളിയിക്കുന്ന മെഡിക്കല്‍ പരിശോധനകള്‍ക്ക് ഉത്തരവിട്ട കോടതി, ബാല വിവാഹമായി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ വിവാഹം അസാധുവാണെന്ന് വിധിച്ചുകൊണ്ട് ആര്‍സൂവിനെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്കയക്കുകയും പ്രതികളുടെ വിചാരണ കറാച്ചിയിലെ കീഴ്ക്കോടതിക്ക് കൈമാറുകയുമാണ് ഉണ്ടായത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തിനുള്ള ഉപകരണമായി മാറിക്കഴിഞ്ഞുവെന്ന ആരോപണവുമായി നാഷ്ണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷനും (എന്‍.സി.ജെ.പി) രംഗത്തെത്തിയിട്ടുണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക