News - 2025
ഇറാഖില്‍ ക്രിസ്തുമസിന് ഔദ്യോഗിക പൊതു അവധി: ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി
പ്രവാചക ശബ്ദം 19-12-2020 - Saturday
ബാഗ്ദാദ്: യേശുവിന്റെ തിരുപ്പിറവിയുടെ സ്മരണകള്‍ പുതുക്കുന്ന ക്രിസ്തുമസ് ദേശീയ വാര്‍ഷിക അവധി ദിനമായി പ്രഖ്യാപിക്കുന്ന ബില്ലിന് ഇറാഖി ചേംബര്‍ ഓഫ് കൊമേഴ്സ് വോട്ടിംഗിലൂടെ അംഗീകാരം നല്‍കി. ഡിസംബര്‍ 16 വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ ഐകകണ്ഠേനയാണ് ബില്‍ പാസ്സാക്കിയത്. ഫ്രാന്‍സിസ് പാപ്പയുടെ അടുത്ത വര്‍ഷത്തെ ഇറാഖ് സന്ദര്‍ശനത്തിന്റെ മുന്നോടിയായിട്ടാണ് ഈ നീക്കമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിയുമായി കല്‍ദായ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ ഇറാഖില്‍ ക്രിസ്തുമസ് വാര്‍ഷിക അവധിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഇറാഖി പാര്‍ലമെന്റിന്റെ തീരുമാനത്തെ കര്‍ദ്ദിനാള്‍ സാകോ അഭിനന്ദിച്ചു.
"എല്ലാ ഇറാഖികള്‍ക്കും ക്രിസ്തുമസ് അവധിദിനമായി പ്രഖ്യാപിക്കണമെന്ന തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്തിയത്. സന്തോഷമെന്ന് പറയട്ടേ, ഈ ബില്‍ പാസ്സാക്കപ്പെട്ടു" - ഇറാഖി പ്രസിഡന്റിനും, മുഹമ്മദ് അല്‍-ഹല്‍ബൂസിക്കും, ജനനന്മക്ക് വേണ്ടി വോട്ട് ചെയ്ത മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കര്‍ദ്ദിനാള്‍ സാകോ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ഇറാഖികളെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് ശരിക്കും ഒരു ആഘോഷം തന്നെയാണെന്നു ബാഗ്ദാദിലെ സഹായ മെത്രാനും, ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ ജനറല്‍ കോ-ഓര്‍ഡിനേറ്ററായ മോണ്‍. ബസിലിയോ യെല്‍ദോ ഏഷ്യാ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പയുടെ അടുത്തവര്‍ഷം മാര്‍ച്ചിലെ ഇറാഖ് സന്ദര്‍ശനത്തിന്റെ ആദ്യ ഫലമാണിതെന്നും ഇനിയും അനേകം സത്ഫലങ്ങള്‍ വരുവാനിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018-ല്‍ ദേശീയ അവധി ദിവസങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി പ്രകാരം ക്രിസ്തുമസ് എല്ലാ പൗരന്‍മാര്‍ക്കും വേണ്ടിയുള്ള ഒരു താല്‍ക്കാലിക പൊതു അവധിയായി മാറി. പുതിയ ബില്‍ പാസ്സാക്കിയതിലൂടെ ഇനിമുതലുള്ള എല്ലാ വര്‍ഷവും ക്രിസ്തുമസ്സ് മുഴുവന്‍ ഇറാഖി ജനതക്കുമുള്ള ഔദ്യോഗിക പൊതു അവധിയായി മാറിയിരിക്കുകയാണ്. ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇറാഖി ജനതക്കുള്ള സര്‍ക്കാരിന്റെ ക്രിസ്തുമസ് സമ്മാനമായാണ് നിരീക്ഷിക്കപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക