News

സിസ്റ്റര്‍ മേരി കെല്ലര്‍: കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ലോകത്തെ ആദ്യ വനിത

പ്രവാചക ശബ്ദം 08-03-2024 - Friday

ഇന്ന് ലോക വനിതാ ദിനം. ഈ ദിവസം പ്രത്യേകം അനുസ്മരിക്കേണ്ട ഒരു വനിതയെ കുറിച്ചാണ് ഈ ലേഖനം. ലോകത്ത് ആദ്യമായി കംപ്യൂട്ടർ സയന്‍സില്‍ പിഎച്ച്ഡി നേടിയ വനിത ഒരു കത്തോലിക്കാ കന്യാസ്ത്രീയാണെന്ന വസ്തുത അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. സ്ത്രീകള്‍ക്ക് കംപ്യൂട്ടർ മേഖല അപ്രാപ്യമായൊരു കാലത്താണ് ‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’ സഭാംഗമായ സിസ്റ്റര്‍ മേരി കെന്നെത്ത് കെല്ലര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടുന്നത്. 1965-ലാണ് സിസ്റ്റര്‍ മേരിക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി ലഭിക്കുന്നത്. ഇതോടെ അമേരിക്കയിലും ലോകത്തും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടിയ ആദ്യ വനിതയായി സിസ്റ്റര്‍ മേരി മാറി.

1914-ല്‍ ഒഹായോയിലാണ് സിസ്റ്റര്‍ മേരിയുടെ ജനനം. 1940-ല്‍ നിത്യവൃതവാഗ്ദാനം സ്വീകരിച്ച ശേഷം സിസ്റ്റര്‍, കണക്കില്‍ ബാച്ചിലേഴ്സ് ഡിഗ്രിയും, കണക്കിലും സയന്‍സിലും മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കി. വെറുമൊരു കമ്പ്യൂട്ടര്‍ വിദഗ്ദ എന്നതിലുപരി വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്ന് ആഗ്രഹിച്ചിരുന്നൊരു വനിതയായിരുന്നു സിസ്റ്റര്‍ മേരി. 1960-ലാണ് സിസ്റ്റര്‍ മേരി വിസ്കോണ്‍സിന്‍ സര്‍വ്വകലാശാലയില്‍ ചേരുന്നത്. മിഷിഗണിലെ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും, ഡാര്‍ട്ട്മൌത്ത് കോളേജിലും സിസ്റ്റര്‍ തന്റെ പഠനം പൂർത്തിയാക്കി.

ഡാര്‍ട്ട്മൌത്ത് കോളേജ് തങ്ങളുടെ കമ്പ്യൂട്ടര്‍ സെന്ററില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കിയതാണ് സിസ്റ്റര്‍ മേരിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുവാന്‍ അവസരമൊരുക്കിയത്. ഇത് ബേസിക്ക് (BASIC) എന്ന കമ്പ്യൂട്ടര്‍ ഭാഷ വികസിപ്പിക്കുന്നതില്‍ പങ്കാളിയാകുവാന്‍ സിസ്റ്റര്‍ മേരിക്ക് വഴിയൊരുക്കി. ബേസിക്കിന് മുന്‍പ് ഗണിതശാസ്ത്രജ്ഞര്‍ക്കും, ശാസ്ത്രജ്ഞര്‍ക്കും മാത്രമായിരുന്നു തങ്ങളുടെ രീതിയിലുള്ള സോഫ്റ്റ്‌വേര്‍ വികസിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ആര്‍ക്കും പഠിക്കാവുന്ന ഒരു കമ്പ്യൂട്ടര്‍ ഭാഷയായിരുന്നു ബേസിക്ക്.

“ഇന്‍ഡക്ടീവ് ഇന്‍ഫറന്‍സ് ഓണ്‍ കമ്പ്യൂട്ടര്‍ ജെനറേറ്റഡ് പാറ്റേണ്‍സ്” എന്ന പേരില്‍ സി.ഡി.സി ഫോര്‍ട്രാന്‍ 63 യിലാണ് സിസ്റ്റര്‍ തന്റെ പി.എച്ച്.ഡി ക്ക് വേണ്ട പ്രബന്ധം തയ്യാറാക്കിയത്. ഇയോവയിലെ ക്ലാര്‍ക്ക് കോളേജില്‍ ഒരു കമ്പ്യൂട്ടര്‍ വിഭാഗവും സിസ്റ്റര്‍ മേരി സ്ഥാപിച്ചു. 20 വര്‍ഷക്കാലം സിസ്റ്റര്‍ അതിന്റെ ഡയറക്ടറായി സേവനം ചെയ്തു. ജനങ്ങളെ സമര്‍ത്ഥരും, സ്വയമായി ചിന്തിക്കുവാന്‍ കഴിവുള്ളവരുമാക്കുന്ന ഒരു കാലഘട്ടമായിരുന്നു സിസ്റ്ററിന്റെ സ്വപ്നം. കൃത്രിമ ബുദ്ധിക്ക് പുറമേ ജനങ്ങള്‍ക്ക് അറിവ് നേടുന്നതിനു സഹായിക്കുവാന്‍ കമ്പ്യൂട്ടറിന് കഴിയുമെന്നും, കാലം ചെല്ലുംതോറും പക്വമതികളായ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുമെന്നും ഇത്തരത്തിലുള്ള പഠനങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുമെന്നും പ്രവചിച്ച സിസ്റ്റര്‍ മേരി കെന്നെത്ത് കെല്ലര്‍ 1985 ജനുവരി 10നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

More Archives >>

Page 1 of 609