News - 2025
ക്രിസ്തുമസിന് യൂറോപ്പില്‍ ഐഎസ് തീവ്രവാദി ആക്രമണത്തിന് സാധ്യത: ബ്രിട്ടീഷ് ചാരസംഘടനയുടെ മുന്നറിയിപ്പ്
പ്രവാചക ശബ്ദം 23-12-2020 - Wednesday
ലണ്ടന്‍: ക്രിസ്തുമസിന് യൂറോപ്പിലുടനീളം തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് ചാരസംഘടനയായ M16-ന്റെ തലവന്‍ ഐഡന്‍ ഡീന്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നാഷ്ണല്‍ സെക്യൂരിറ്റി വീക്ക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യം മുതലാക്കി ആക്രമണങ്ങള്‍ നടത്തുവാനാണ് ഐസിസ് പദ്ധതിയിട്ടിരിക്കുന്നതെന്നും വടക്കന്‍ സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നും വരുന്ന ഭീകരതയെ കരുതിയിരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
ലിബിയയില്‍ നിന്നും വടക്കന്‍ സിറിയയില്‍ നിന്നും തീവ്രവാദികളെ തുര്‍ക്കി വഴിയും മെഡിറ്ററേനിയന്‍ വഴിയും യൂറോപ്പിലേക്ക് അയക്കുവാനാണ് ഐസിസ് തലവന്‍ അബു ഒമര്‍ അല്‍-ഷിഷാനിയുടെ പദ്ധതിയെന്ന്‍ ഐഡന്‍ ഡീനിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന സാഹചര്യം തീവ്രവാദി ആക്രമണങ്ങള്‍ക്ക് അനുകൂലമാണെന്നും തീവ്രവാദികള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അതായിരിക്കും അവരുടെ അടുത്ത ലക്ഷ്യമെന്നും എട്ടു വര്‍ഷത്തോളം അല്‍ക്വയ്ദ തീവ്രവാദി സംഘടനയെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഐഡന്‍ ഡീന്‍ കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുമസിനോടനുബന്ധിച്ച് ഫ്രാന്‍സിലാണ് ആക്രമണ സാധ്യത ഏറ്റവും കൂടുതലുള്ളതെന്നും ചാര്‍ളി ഹെബ്ദോ മാഗസിനില്‍ പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരം ചെയ്യുവാന്‍ ഐസിസ് തക്കം പാര്‍ത്ത് നടക്കുകയാണെന്നും ഡീന്‍ പറയുന്നു. ലണ്ടനിലെ ഇസ്ലാമിക തീവ്രവാദികള്‍ സ്വന്തം നിലക്ക് ആക്രമണങ്ങള്‍ നടത്തുവാന്‍ സാധ്യതയുണ്ടെന്ന് ലണ്ടന്‍ മെട്രോപ്പൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നെയില്‍ ബസുവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗൂഡാലോചന നടത്തുന്നതു പോലെയോ, അസാധാരണമായ രീതിയിലുള്ള അടയാളങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാലോ, സംശയാസ്പദമായ രീതിയില്‍ അസാധാരണ വലുപ്പമുള്ള ബാക്ക്-പാക്കുമായി നടക്കുന്നവരെ കണ്ടാലോ ഉടന്‍ തന്നെ പോലീസിനെ അറിയക്കണമെന്ന് അദ്ദേഹം ലണ്ടന്‍ നിവാസികളോട് ആഹ്വാനം ചെയ്ട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക